Latest News

ജാര്‍ഖണ്ഡില്‍ സംഘ്പരിവാര്‍ തല്ലിക്കൊന്ന അലീമുദ്ദീന്‍ അന്‍സാരിയുടെ മകന്‍ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ അലൂമുദ്ദീന്‍ അന്‍സാരിയെ ഓര്‍മയില്ലേ. പശുമാംസം കടത്തിയെന്ന് ആരോപിച്ച് സംഘ്പരിവാര്‍ തല്ലിക്കൊന്ന വയോധികന്‍. അദ്ദേഹത്തിന്റെ മകന്‍ ഷെഹ്സാദ് അന്‍സാരി മരണത്തിനു കീഴടങ്ങി.[www.malabarflash.com] 

അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷെഹ്സാദ്, പിതാവിനെ തല്ലിക്കൊന്ന ശേഷം ആവശ്യമായ ചികില്‍സ പോലും ലഭിക്കാതെ, വേദന കൊണ്ട് പുളഞ്ഞാണ് മരണത്തിനു കീഴടങ്ങിയത്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ മാനുവ ഗ്രാമത്തിലെ കുടുംബത്തിന് താങ്ങാനാവാത്ത ദുഖം സമ്മാനിച്ചാണ് ഷെഹ്സാദിന്റെ മരണം.
തലച്ചോറിനേറ്റ ക്ഷതം കാരണം കുറച്ചു നാളായി ചികില്‍സയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പുണ്ടായ ഒരു അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷെഹ്സാദിനെ ചികില്‍സിക്കാന്‍ വലിയൊരു തുക ചെലവായിരുന്നു. സംഘപരിവാരം അലീമുദ്ദീന്‍ അന്‍സാരിയെ തല്ലിക്കൊന്ന ശേഷം ചികില്‍സ തുടരാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ലേസര്‍ സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുക കണ്ടെത്താനായില്ല. ആഴ്ചയില്‍ 13,000 രൂപ മുതല്‍ 14,000 രൂപ വരെ മരുന്നിന് മാത്രം ചെലവായിരുന്നുവെന്ന് മൂത്ത സഹോദരി സമ്മ പറഞ്ഞു.
'ആദ്യം എന്റെ ഭര്‍ത്താവ്, ഇപ്പോള്‍ മകനും...' അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന് കണ്ണീരടക്കാനായില്ല. വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാനായില്ല. സ്വകാര്യ ആശുപത്രിയില്‍ നിന്നു രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ മെഡിക്കല്‍ സയന്‍സസ്(റിംസ്)ലേക്കു റഫര്‍ ചെയ്തു.
കടുത്ത തലവേദന കാരണം കുട്ടികളെയെല്ലാം അവന്‍ തല്ലുമായിരുന്നു. അങ്ങനെയാണ് വീട്ടിലേക്കു കൊണ്ടുവന്നത്. വേദന കൊണ്ട് പുളഞ്ഞ് കട്ടിലിലേക്ക് അവന്‍ വീഴും-ഷെഹ്സാദിന്റെ ബന്ധു മുസ്തഫ അന്‍സാരി പറഞ്ഞു.
ഷെഹ്സാദിന്റെ മാതാവ് മറിയം കാത്തൂനും ആരോഗ്യനില മോശമാണ്. മണിക്കൂറുകളോളം ഇടതടവില്ലാതെ അവര്‍ കരഞ്ഞുകൊണ്ടിരിക്കും. അവരെ കുറിച്ചും ആശങ്കയുണ്ടെന്ന് മകള്‍ സമ്മ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ന്യൂറോ സര്‍ജന്‍ ഡോ. വഖാര്‍ അഹ്മദ് പരിശോധന നടത്തി. ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കുടുംബം വാര്‍ഡിലേക്കു മാറ്റാനാണു പറഞ്ഞത്. എല്ലാം വെറുതെയായി...'' നാഥന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ വാക്കുകളിലെ ദൈന്യത പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.
അലീമുദ്ദീന്‍ അന്‍സാരി
2017 ജൂണിലാണ് അലീമുദ്ദീന്‍ അന്‍സാരിയെ പശു മാംസം കടത്തിയെന്ന് ആരോപിച്ച് രംഗഡ് മാര്‍ക്കറ്റിനടുത്ത് വച്ച് ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നത്. കേസില്‍ പ്രതികളായ 12 പേരില്‍ 11 പേര്‍ കുറ്റക്കാരാണെന്നും കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും 2018 മാര്‍ച്ചില്‍ കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേസ് വീണ്ടും പരിഗണിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.