Latest News

ചർച്ച വിജയം; എൻഡോസൾഫാൻ ദുരിത ബാധിതർ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുമായി സർക്കാർ നടത്തിയ ചർച്ച വിജയം. സമരം അവസാനിപ്പിക്കുന്നതായി സമര സമിതി പ്രവർത്തകർ അറിയിച്ചു. [www.malabarflash.com]

സമര സമിതിയുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന്​ സർക്കാറി​​ന്റെ  ഉറപ്പിനെ തുടർന്നാണ്​ സമരം അവസാനിപ്പിക്കുന്നത്​. 1905 പേർക്ക്​ നഷ്​ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം നൽകുമെന്നും സമര സമിതി നേതാക്കൾക്ക്​ സർക്കാർ ഉറപ്പു നൽകി.
മെഡിക്കൽ ബോർഡ്​ ശുപാർശ ചെയ്​ത എല്ലാവരേയും നേരിട്ട്​ അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ബോർഡി​​ന്റെ  ശുപാർശ ഇല്ലാത്തവർക്ക്​ വൈദ്യ പരിശോധന നടത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ കലക്​ടർക്ക്​ നിർദേശം നൽകാനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

സമര സമിതിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന്​ ദയാബായി പ്രതികരിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രിയോട്​ പരാതിയും പരിഭവവുമില്ലെന്നും അതെല്ലാം ഇൗ സമരത്തിന്​ താൻ നൽകുന്ന വിലയായി സ്വീകരിക്കുന്നുവെന്നും അവർ പറഞ്ഞു.
സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്​ രാവിലെ എൻഡോസൾഫാൻ ദുരിത ബാധിതർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസിലേക്ക്​ സങ്കട മാർച്ച്​ നടത്തിയിരുന്നു. നിരാഹാര സമരം നടക്കുന്ന സമര പന്തലിൽ നിന്ന്​ ആരംഭിച്ച​ മാർച്ചിൽ എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളെയും എടുത്തുകൊണ്ടാണ്​ അമ്മമാർ പങ്കെടുത്തത്​. ഇതിനിടയിലാണ്​ മുഖ്യമന്ത്രിയുടെ ഓഫീസ്​ ചർച്ചക്ക്​ സന്നദ്ധമാണെന്ന്​ അറിയിച്ചത്​.
ദുരിത ബാധിതർക്ക്​ നീതി തേടി ദയാബായിയുടെ നേതൃത്വത്തിൽ സെക്ര​ട്ടറിയേറ്റിനു​ മുന്നിൽ നിരാഹാര സമരം നടക്കുകയാണ്​. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.