Latest News

ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബൈയിൽ പോകാം

ദുബൈ: ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബായിൽ പോകാം. ഉപ്പയ്ക്കൊപ്പം താമസിക്കാം. ബുർജ് ഖലീഫ കാണാം. റാസൽഖൈമ ബീച്ചിൽ ഉല്ലാസയാത്ര ആസ്വദിക്കാം.[www.malabarflash.com]

വാട്സാപ്പിൽ പ്രചരിച്ച ഫാത്തിമയുടെ വോയ്സ് മെസേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മിനിറ്റ് ദൈർഘ്യമുമുള്ള വിഡിയോ ദൃശ്യത്തിന്റെ നൊമ്പരം വിദേശ രാജ്യങ്ങളിലുൾപ്പെടെ തരംഗമായതോടെയാണ് കുട്ടിയുടെ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുങ്ങിയത്.

പ്രവാസിയായ പേഴയ്ക്കാപ്പിള്ളി കാനാപറമ്പിൽ കെ.ജലാൽ ആണ് വോയ്സ് മെസേജിനു വികാര നിർഭരമായ ദൃശ്യമൊരുക്കിയത്. വിഡ‍ിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജലാലിനെ തേടി ഒട്ടേറെ ഫോൺ വിളികളെത്തി. അഭിനന്ദനങ്ങളോടൊപ്പം ഫാത്തിമയെയും ഉമ്മയെയും ദുബൈയിൽ എത്തിക്കാനും ഉപ്പയ്ക്കൊപ്പം താമസിപ്പിക്കാനും ദുബായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണിക്കാനും സൗകര്യവുമൊരുക്കാമെന്ന വാഗ്ദാനവും പലരും നൽകിയിട്ടുണ്ട്.

അവധിക്കു നാട്ടിലെത്തിയ ജലാൽ മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തിനു സമീപം പത്തായകല്ലിൽ മുളഞ്ഞിപ്പുലാൻ മുഹമ്മദിന്റെ മകളായ ഫാത്തിമ സിദയെ കണ്ടു.

മുഹമ്മദ് രണ്ടര പതിറ്റാണ്ടായി ദുബായിൽ ജോലി ചെയ്യുകയാണ്. കുടുംബത്തെ അങ്ങോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം സാധിച്ചിട്ടില്ല. ഫാത്തിമയോടും കുടുംബത്തോടും ദുബൈയിലേക്കു പോകാൻ ഒരുങ്ങിക്കൊള്ളാൻ പറഞ്ഞിട്ടാണ് ജലാലും കുടുംബവും മടങ്ങിയത്. 

ഒരു കുട്ടി പിതാവിനോടു ദുബൈയിൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടു കെഞ്ചുന്ന വോയ്‌സ് മെസേജ് വാട്സാപ്പിലൂടെയാണ് ജലാലിനും ലഭിക്കുന്നത്. മരുഭൂമിയിലെ പ്രവാസികളുടെ ജീവിതം ഫാത്തിമയുടെ ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടിക് ടോക് വിഡിയോയായി ചിത്രീകരിക്കുകയായിരുന്നു.

പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ രണ്ടു മാസം ആടിനെ മേയ്ക്കുന്ന ജോലി ചെയ്ത അനുഭവം ഉള്ളതിനാൽ ദൃശ്യങ്ങൾ മനസ്സിലുണ്ടായിരുന്നു. ക്യാമറ, എഡിറ്റിങ്, അഭിനയം എല്ലാം സ്വന്തമായി ചെയ്ത വിഡിയോ സെൽഫി ദൃശ്യങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് വിഡിയോ കണ്ടത്. 

മക്കയിൽ ഖുബ്ബൂസ് കച്ചവടം ചെയ്യുന്ന ജലാൽ ജോലിക്കിടയിൽ ലഭിച്ച ചെറിയ ഇടവേളകൾ ഉപയോഗപ്പെടുത്തിയാണ് ആടു മേയ്ക്കുന്ന സ്ഥലം കണ്ടെത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.