Latest News

മലയാളി വനിതാ മാനേജരുടെ മരണം കൊലപാതകം; ഹോട്ടൽ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മലയാളി വനിതാ എച്ച്.ആർ. മാനേജരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു.[www.malabarflash.com]

മുംബൈയിൽ സ്ഥിരതാമസമാക്കിയ തൃശ്ശൂർ കടപ്പുറം സ്വദേശിനി രജിതയെയാണ് (33) ഫെബ്രുവരി ഒമ്പതിന് വൈറ്റ് ഫീൽഡിലെ ക്രസ്റ്റ് ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യനിഗമനം. 

ഹോട്ടൽത്തൊഴിലാളിയെ ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂർ സ്വദേശിയായ ലെയ്ഷ്‌റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

വൈദേഹി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ യുവതിയെ കൊന്നതാണെന്ന് വ്യക്തമായിരുന്നു. ഇരുമ്പുവടികൊണ്ട് രജിതയുടെ തലയിൽ അടിച്ചുവീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരികയാണ്. 

ഫെബ്രുവരി എട്ടുമുതൽ രജിത താമസിച്ചിരുന്ന 701-ാം നമ്പർ മുറിയുടെ വാതിലിൽ ‘ശല്യപ്പെടുത്തരുത്’ എന്ന ബോർഡ് തൂക്കിയിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴിനൽകി. മുറി പൂട്ടിയനിലയിലായിരുന്നു.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് പ്രതി മുറിക്കുള്ളിൽ കടന്നത്. കൃത്യത്തിനുശേഷം പുറത്തുനിന്നു പൂട്ടുകയായിരുന്നു. മുറിയിൽനിന്ന് നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. 3500 രൂപയും രജിതയുടെ രണ്ടു മൊബൈൽഫോണും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.

മാതാപിതാക്കൾക്കൊപ്പം മുംബൈയിൽ താമസിച്ചിരുന്ന രജിത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. മാസത്തിൽ 15 ദിവസം ഇവർ കമ്പനിയുടെ ബെംഗളൂരു ശാഖയിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സമയത്ത് സ്ഥിരമായി ക്രസ്റ്റ് ഹോട്ടലിലായിരുന്നു മുറിയെടുത്ത് താമസിച്ചിരുന്നത്. 

ഫെബ്രുവരി ഒമ്പതിന് ഹോട്ടൽ ജീവനക്കാർ വൃത്തിയാക്കാൻ മുറിതുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.