കൊല്ലം: മനോരോഗ ചികിത്സയ്‌ക്കായി മന്ത്രവാദവും ബാധയൊഴിപ്പിക്കലും നടത്തി യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മന്ത്രവാദിയായ മാവേലിക്കര പാലമേല്‍ ആദിക്കാട്ടുകുളങ്ങര ബിസ്‌മി മന്‍സിലില്‍ സിറാജുദീന്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സിറാജി(40)നെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.[www.malabarflash.com]
പിഴ ഒടുക്കാതിരുന്നാല്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. കൊല്ലം അഡിഷണല്‍ സെക്ഷന്‍സ് കോടതി ജഡ്‌ജി എം.മനോജാണ് വിധി പ്രസ്‌താവിച്ചത്.
2014 ജൂലൈ 12ന് രാത്രിയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 14 വര്‍ഷമായി മനോരോഗ ചികിത്സയിലായിരുന്ന തഴവാ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ മൈമൂനത്തിന്റെ മകള്‍ ഹസീന(27)യെ മന്ത്രവാദത്തിലൂടെ ചികിത്സിച്ചു രോഗം ഭേദമാക്കാമെന്നു പറഞ്ഞാണ് സിറാജുദിന്‍ ഹസീനയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്നു തുടര്‍ച്ചയായി മാന്ത്രവാദ ചികിത്സ നടത്തി.
2014 ജൂലൈ 12ന് രാത്രി 12ന് ഹസീനയെ അവരുടെ വീട്ടിലെ ഹാളിലെ തറയില്‍ കമഴ്‌ത്തിക്കിടത്തി പ്രഷ്‌ഠഭാഗത്തു കയറിയിരുന്ന ശേഷം തല ശക്‌തിയായി മുകളിലേക്കു വലിച്ചുയര്‍ത്തി നട്ടെല്ലൊടിച്ചും ആന്തരീകാവയവങ്ങള്‍ക്ക് മാരകമായി പരുക്കേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു.
മന്ത്രവാദിക്കു സഹായങ്ങള്‍ ചെയ്‌തു കൊടുത്ത ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞ് അടക്കമുളള മറ്റ് അഞ്ച് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് വിസ്‌തരിച്ച 19 സാക്ഷികളില്‍ സംഭവം കണ്ട ഹസീനയുടെ ബന്ധുക്കളും അയല്‍വാസികളും കൂറൂമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. 35 രേഖകളും 40 തൊണ്ടി മുതലുകളും കോടതി തെളിവിനായി സ്വീകരിച്ചു.
മരണപ്പെട്ട ഹസീനയെ അന്നേദിവസം രാത്രിയില്‍ ഓച്ചിറ പരബ്രഹ്‌മം ആശുപത്രിയില്‍ എത്തിച്ച അവസരത്തില്‍ പ്രതി സിറാജുദിന്‍ ഉണ്ടായിരുന്നതായി ആശുപത്രിയിലെ നേഴ്‌സും അറ്റന്‍ഡറും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
ഹസീനയുടേതു സാധാരണ മരണമാണെന്നു വരുത്തി കബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കരുനാഗപ്പളളി പോലീസ് ഇടപെട്ട് കേസെടുത്തത്. പോസ്‌റ്റുമോര്‍ട്ടം പരിശോധനയിലാണു ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഹസീനയുടെ ശരീരത്തില്‍ നിരന്തരമായുള്ള പീഢനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്‌ടര്‍ മൊഴി നല്‍കി. കരുനാഗപ്പളളി എസ്.ഐയായിരുന്ന വിദ്യാധരന്‍ ചാര്‍ജ് ചെയ്‌ത കേസില്‍ പ്രസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. മനോജ് ഹാജരായി.
No comments:
Post a Comment