Latest News

പാലക്കുന്നിലെത്തുന്നവരാരും ഇനി പട്ടിണി കിടക്കേണ്ട

ഉദുമ: വിശപ്പടക്കാൻ കീശയിൽ കാശില്ലെന്ന് കരുതി പാലക്കുന്നിലെത്തുന്നവരാരും ഇനി പട്ടിണി കിടക്കേണ്ട.സാധുജന സംരക്ഷണം മുഖമുദ്രയാക്കിയ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മ അതിനും വഴി കണ്ടെത്തിയിരിക്കുകയാണ്.[www.malabarflash.com] 

സ്കൂളിന് കിഴക്ക്‌ ഭാഗം കെ എസ് ടി പി റോഡരികിലെ വൃന്ദാവൻ ഹോട്ടലുമായി സഹകരിച്ചാണ് പാലക്കുന്നിലെത്തുന്ന നിർധനരായവർക്ക്‌ സൗജന്യമായി ഉച്ചയൂണ് നല്കാൻ ഒരുമ്പെടുന്നത്. സ്കൂളിലെ പുസ്തക ശാലയിൽ നിന്ന് അർഹരായവർക്ക് നൽകുന്ന ടോക്കൺ ഉപയോഗിച്ച് നാലുകൂട്ടം കറികളും പായസവുമടങ്ങിയ സദ്യ ഈ പച്ചക്കറി ഹോട്ടലിൽ നിന്ന് സൗജന്യമായി വിളമ്പിക്കൊടുക്കും. 

അമൃതം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ കുട്ടികൾ വൃന്ദാവൻ ഹോട്ടൽ ഉടമ റഹിമുമായി കരാർ ഉറപ്പിച്ചത് . ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന മുതിർന്ന പൗരന്മാർക്ക് ബില്ലിൽ അഞ്ചു ശതമാനം ഇളവും നൽകുമെന്ന് ഹോട്ടലുടമ അറിയിച്ചു . 

പി ടി എ പ്രസിഡണ്ട് പി.സതീശൻ ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി.മാധവൻ അധ്യക്ഷത വഹിച്ചു. ഹോട്ടലുടമ റഹിം, മാനേജർ നാരായണൻ,മദർ പി ടി എ പ്രസിഡണ്ട് ദീപാപ്രേമൻ എന്നിവർ പ്രസംഗിച്ചു . അധ്യാപകൻ മണികണ്ഠൻ പിലാത്തറയും വിദ്യാർത്ഥികളായ ഹരിലാൽ,സുബിൻ, ഋഷി,സുശ്രുത, സ്നേഹ തുടങ്ങിയവരും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.