കൊച്ചി: സ്‌കൂളിലെ അധ്യാപിക ജാതിപ്പേര് വിളിച്ചും മറ്റുകുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തതിന്റെ മനോവിമഷം മുലമാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തത്.[www.malabarflash.com]
തന്റെ മകളെ മാനസികമായി പീഡിപ്പിച്ച് അവര്‍ ആത്മഹത്യ ചെയ്യിക്കുകയായിരുന്നു. അധ്യാപികമാര്‍ ഒരിക്കലും ഒരു വിദ്യാര്‍ഥിയോടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. തന്റെ മകളെ കൊന്ന ഇവര്‍ക്കെതിരെ കേസെടുക്കണം' മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് പറഞ്ഞു.
എതാനും ദിവസം മുമ്പ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത കോന്തുരുത്തി സ്വദേശിനിയായ പെരുമാനൂരിലെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവാണ് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ഥിനിയുടെ ക്ലാസ് ടീച്ചറായിരുന്ന ഷൈനി എന്ന അധ്യാപികയ്ക്കും സ്‌കൂള്‍ പ്രഥമ അധ്യാപികയക്കും എതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.
തന്റെ മകളെ ഇവരെല്ലാം ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് പറഞ്ഞു.
എറണാകുളം കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പരിശീലനത്തിനായി തന്റെ മകള്‍ അപേക്ഷ നല്‍കിയിരുന്നു. നാവികസേനയില്‍ അടക്കം ജോലി ലഭിക്കുന്നതിനായുള്ള പരിശീലന കേന്ദ്രമാണിത്. സ്ഥാപനത്തില്‍ സെലക്ഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ പരിശീലനം നല്‍കി ജോലി ലഭിക്കാനുള്ള സാഹചര്യ ലഭ്യമാക്കും. അവിടെ മകള്‍ക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു.
പരീശിലത്തിന് ചേരണമെങ്കില്‍ 15,500 രൂപ നല്‍കണം.തങ്ങളുടെ പക്കല്‍ പണമുണ്ടായിരുന്നല്ല. തുടര്‍ന്ന് ഉണ്ടായിരുന്ന സ്വര്‍ണമെല്ലാം കൂടി പണയം വെച്ചാണ് പണം കെട്ടിയത്. ഇതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ക്ലാസ് ടീച്ചറായ ഷൈനി മകളെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും മാതാവ് പറഞ്ഞു.
സ്‌കൂളിലെ പ്രഥമ അധ്യാപികയും ടീച്ചറിനൊപ്പം നിന്നു. തങ്ങള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ജാതിപ്പേര് വിളിച്ചായിരുന്നു ആക്ഷേപം. 'പുലയ വിഭാഗത്തില്‍പ്പെട്ട നിനക്ക് ഒക്കെ എവിടെന്നാടി ഇത്രയും പണം കിട്ടുന്നത് '' എന്നു ചോദിച്ചുകൊണ്ടായിരുന്നു ആക്ഷേപം നടത്തിയതെന്നും മാതാവ് പറഞ്ഞു.
തങ്ങളുടെ അവസ്ഥ ഈ അധ്യാപികയക്ക് അറിയാവുന്നതാണ്. എന്നിട്ടായിരുന്നു ഇത്തരത്തില്‍ ആക്ഷേപം നടത്തിയത്.അധ്യാപിക ആക്ഷേപിക്കുന്ന വിവരം മകള്‍ കരഞ്ഞുകൊണ്ട് വീട്ടില്‍ വന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് താന്‍ സ്‌കൂളില്‍ ചെന്നപ്പോള്‍ തന്നോടും ഈ അധ്യാപിക ദേഷ്യപ്പെട്ടാണ് സംസാരിച്ചതെന്നും മാതാവ് പറഞ്ഞു.
പത്താം ക്ലാസിലായതിനാല്‍ എല്ലാ ക്ഷമിച്ച് നില്‍ക്കണമെന്നും അധികം നാളിലല്ലോ അതുവരെ ക്ഷമിക്ക് എങ്ങനെയെങ്കിലും പത്താക്ലാസ് പാസാകണമെന്നു പറഞ്ഞ് താന്‍ മകളെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു.അധ്യാപികയുടെ ആക്ഷേപം സഹിക്കവയ്യാതായതോടെ രണ്ടു ദിവസം മകള്‍ സ്‌കൂളില്‍ പോയില്ല. അപ്പോള്‍ അവര്‍ മറ്റു കുട്ടികളോട് പറഞ്ഞു നടന്നത് തന്റെ മകള്‍ ആരുടെയൊക്കയോ കൂടെ കറങ്ങാന്‍ പോയിരിക്കുകയാണെന്നാണ്..
നീ ചീത്തയാണെന്നും നീയാണ് മറ്റു കുട്ടികളെക്കൂടി ചീത്തയാക്കുന്നതെന്നും പറഞ്ഞു തന്റെ മകളെ ഈ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു. ജനുവരി എട്ടിന് വൈകുന്നേരമാണ് തന്റെ മകള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുന്നത് അന്നും മോളെ ഇവര്‍ മാനസികമായി നന്നായി പീഡിപ്പിച്ചിട്ടുണ്ടാകും. താന്‍ വീട്ടു ജോലിക്കു പോകുന്നയാളാണ്. അന്ന് വൈകുന്നേരം തന്നെ കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് പോന്നു. വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ഈ സമയത്താണ് മകള്‍ വീടിനുള്ളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
മാനസികമായും ശാരീരികമായും പീഢനത്തിന് ഇരയായ വിവരമടക്കം മരണകിടക്കയില്‍ കിടന്നാണ് മകള് പറയുന്നത്. മാനസികമായി ഈ അധ്യാപിക തന്റെ മകളെ തകര്‍ത്തുകളഞ്ഞുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് മാതാവ് പറഞ്ഞു.
സ്‌കൂളിലെ പ്രഥമ അധ്യാപികയും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു.ഇതൊന്നും മകള്‍ക്ക് താങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പരീക്ഷയക്ക് മാര്‍ക്ക് കുഞ്ഞതിന്റെ പേരിലോ തോറ്റാലോ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. ഇക്കാര്യം താന്‍ മകളോട് പറഞ്ഞിട്ടുണ്ട്. തന്റെ മകളെ മാനസികമായി പീഡിപ്പിച്ച് ഇവര്‍ കൊന്നതാണെന്നും മാതാവ് പറഞ്ഞു.
തന്റെ മകളെ മാത്രമല്ല മറ്റൊരു കുട്ടിയെയും ഈ അധ്യാപിക മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ ആ കുട്ടി അധ്യാപികയോട് എതിര്‍ത്ത് സംസാരിക്കുമായിരുന്നു എന്നാല്‍ തന്റെ മകള്‍ ഒന്നും തിരിച്ചു പറയാതെ എല്ലാ കേട്ട് സഹിച്ചു നില്‍ക്കുമായിരുന്നുവെന്നും മാതാവ് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണക്കാരിയായ അധ്യാപികയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി അടുത്ത ദിവസം തന്നെ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ദ്രാവിഡ വര്‍ഗ ഐക്യമുന്നണി സംസ്ഥാന ചെയര്‍മാനുമായ പി എസ് രാജ് മോഹന്‍ തമ്പുരാന്‍, സോഷ്യലിസ്റ്റ് എസ്‌സി-എസ് ടി സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഐ കെ രവീന്ദ്രരാജ്, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി വി എം ഫൈസല്‍, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ മഞ്ജു സുരാജ്, ദേവജന സമാജം ജനറല്‍ സെക്രട്ടറി പൊന്‍കുന്നം പ്രഭുരാജ്, എകെസിഎച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദീര്‍ഘ നാളായി വിദ്യാര്‍ഥിനി ലൈംഗീക പീഡനത്തിനിരയാകുന്ന വിവരം ഈ അധ്യാപകിയക്ക് അറിയാമായിരുന്നിട്ടും ഇവര്‍ ഇക്കാര്യം മറച്ചു വെച്ചുവെച്ചുകൊണ്ട് വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നും ഇവര്‍ പറഞ്ഞു.
കുട്ടിയുടെ മരണമൊഴിയില്‍ ഈ അധ്യാപികയുടെ പീഡനങ്ങള്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരാനാണ് തീരുമാനമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
No comments:
Post a Comment