Latest News

പന്തെടുക്കാന്‍ പോയ എട്ടു വയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട്‌: കളിക്കുന്നതിനിടെ വീട്ടിന്റെ ടെറസില്‍ പന്തെടുക്കാന്‍ കയറിയ എട്ടുവയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അബൂബക്കര്‍ മുസ്‌ലിയാരുടെ വീട്ടിലെ ടെറസ്സില്‍ നിന്നാണ് മകള്‍ ഫാഹിദയുടെ മകന്‍ മിഖ്ഷാദ് (എട്ട്) വീണ് മരണപ്പെട്ടത്.[www.malabarflash.com]

അതിയാമ്പൂര്‍ ചിന്മയ മിഷന്‍ സ്‌കൂള്‍ നാലാംതരം വിദ്യാര്‍ത്ഥിയായ മിഖ്ഷാദ് വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ അജാനൂരിലെ വീട്ടിലെത്തിയിരുന്നു.

മലേഷ്യയില്‍ വ്യാപാരി പഴയകടപ്പുറം സ്വദേശി അഹമ്മദിന്റെ മകനാണ് മിഖ്ഷാദ്. കുടുംബത്തിന് പഴയ കടപ്പുറത്ത് വീട് നിര്‍മ്മാണം നടന്നുവരുന്നതിനാല്‍ ഫാഹിദയും മക്കളും അജാനൂര്‍ ഇഖ്ബാലിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് ദുരന്തം സംഭവിച്ചത്. 

വീട്ടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കവെ ടെറസ്സിലേക്ക് പോയ പന്തെടുക്കാനാണ് മിഖ്ഷാദ് ഇരുനിലവീടിന്റെ ടെറസില്‍ കയറിയത്. ടെറസില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

മയ്യത്ത് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ കെ സജീഷും സിവില്‍ പോലീസ് ഓഫീസര്‍ സതീഷും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് തോയമ്മല്‍ ബനാത്ത്‌വാല സെന്ററില്‍ മരണാനന്തര കര്‍മ്മങ്ങളും നടത്തിയ ശേഷം മയ്യത്ത് ജുമുഅ നമസ്‌കാരാനന്തരം പഴയകടപ്പുറം ജുമാമസ്ജിദ് പരിസരത്ത് മറവുചെയ്തു. സഹോദരന്‍: മുഹമ്മദ് മിസ്താഖ്

സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, വൈസ് പ്രസിഡണ്ടുമാരായ എ ഹമീദ്ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത്, എം ഹമീദ്ഹാജി എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.