Latest News

ആ ശ്വാസകോശം നിലച്ചു ; മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍ മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.[www.malabarflash.com]

ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ഡല്‍ഹിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി. 

ഒട്ടേറെ പരസ്യചിത്രങ്ങള്‍ക്കും ഇദ്ദേഹം ശബ്ദം നല്‍കി. 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണി മലയാള വിഭാഗത്തില്‍ അദ്ദേഹം ജോലി ചെയ്തു. 39 വര്‍ഷം ആകാശവാണിയുടെ ഒരേ നിലയത്തില്‍ തന്നെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്ന അപൂര്‍വ നേട്ടത്തിനും അദ്ദേഹം അര്‍ഹനാണ്. 

തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശ്‌സതമായ കുടുംബത്തിലാണ് ജനനം. സി വി രാമന്‍പിള്ളയുടെ കൊച്ചുമകളുടെ മകനായിരുന്നു. അടൂര്‍ ഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കളായിരുന്നു. ഡല്‍ഹി ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സര്‍ എന്ന തസ്തികയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 

അരപതിറ്റാണ്ടിലേറെയായി ഡല്‍ഹിയിലായിരുന്നു ഗോപന്‍ താമസിച്ചിരുന്നത്. ആകാശവാണിയില്‍ നിന്ന് വിരമിച്ചെങ്കിലും പരസ്യചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും വിശ്രമജീവിതത്തിലും സജീവമായിരുന്നു അദ്ദേഹം. രാധയാണ് ഭാര്യ. പ്രമോദ് മകനാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.