Latest News

ഒരു നൂറ്റാണ്ടിന് ശേഷം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചു

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി തെരേസ മേ ആണ് സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തിയത്.[www.malabarflash.com] 

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വര്‍ഷികം ആചരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.

പ്രധാനമന്ത്രിയുടെ ഖേദപ്രകടനത്തെ പ്രതിപക്ഷവും അനുകൂലിച്ചു. സംഭവത്തില്‍ അസന്ദിഗ്ധമായി മാപ്പു ചോദിക്കുന്നുവെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.

1919 ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമായിരുന്നു ഇത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്.

13 ഏപ്രില്‍ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറല്‍ ഡയര്‍ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ ജാലിയന്‍വാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ ഡയര്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാര്‍ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. ഈ കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ മരണമടഞ്ഞു, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം ആളുകള്‍ ഈ കൂട്ടക്കൊലയില്‍ മരണപ്പെട്ടിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയന്‍വാലാബാഗില്‍ നടന്നതെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.