Latest News

യു.എ.ഇ.യില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ രീതി

ദുബൈ: യു.എ.ഇ.യില്‍ നിന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ദുബൈയിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ ആഴ്ച്ച തുടക്കം മുതല്‍ സ്വീകരിച്ചു തുടങ്ങി.[www.malabarflash.com]

അബുദാബിയില്‍ ബുധനാഴ്ച്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ഇതനുസരിച്ച് പുതിയ പാസ്സ്‌പോര്‍ട്ടെടുക്കുന്നവരും പാസ്പോര്‍ട്ട് പുതുക്കുന്നവരും ഇനി മുതല്‍ embassy.passportindia.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. ഈ ഘട്ടം കഴിഞ്ഞതിന് ശേഷം സാധാരണ പോലെ അപേക്ഷാര്‍ത്ഥി ആവശ്യമായ രേഖകളുമായി ബി.എല്‍.എസ് സെന്ററിലെത്തുകയും ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണം. പണവും സമയവും ലാഭിക്കാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ ആക്കുന്നത്.

യു.എസ്, യു.കെ, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം തുടങ്ങിക്കഴിഞ്ഞു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ് സെന്ററുകളില്‍ നിന്ന് സഹായം തേടാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. 

നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പാസ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് ദിവസം മതിയാകും. 

യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷം 272,500 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് യു.എ.ഇ.യില്‍ നിന്ന് ഇഷ്യൂ ചെയ്തിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.