Latest News

ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍

കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്നലെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.[www.malabarflash.com]

അനുഗ്രഹം എന്നാണ് ഈദ് എന്നവാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.
അല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തുന്ന തക്ബീര്‍ ധ്വനികളാല്‍ ഈദിന്റെ സന്തോഷം എങ്ങും അലയടിച്ചു. വ്രതത്തിലൂടെയും സംസ്‌കരണത്തിലൂടെയും ആര്‍ജിച്ചെടുത്ത ആത്മവിശുദ്ധി സമ്മാനിച്ച ഊര്‍ജവുമായാണ് മുസ്‌ലിം ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മുന്‍ വര്‍ഷത്തെ പോലെ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.

മനസ്സും ശരീരവും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസ്സോടെ വിശ്വാസികള്‍ വിട ചൊല്ലി. അടുത്ത റമദാന്‍ കൂടി അനുഭവിക്കാന്‍ ഭാഗ്യമുണ്ടാവണമെന്ന് പ്രാര്‍ഥിച്ചു, റമദാനില്‍ നേടിയെടുത്ത വിശ്വാസത്തെളിമ ഇനിയുള്ള നാളുകളിലും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ജാഗ്രതാ ബോധത്തോടെ നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് വിതരണം പൂര്‍ത്തിയാക്കിയാണ് ഓരോ വിശ്വാസിയും ആഘോഷത്തിലേക്ക് കടന്നത്.

ഇന്നത്തെ പ്രഭാതത്തില്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് തക്ബീര്‍ മുഴക്കി പള്ളികളിലേക്ക്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്ദേശം. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.