Latest News

തിരുവനന്തപുരം വിമാനത്താവളം വഴി 50 കിലോ സ്വര്‍ണം കടത്തിയതായി പിടിയിലായ പ്രതിയുടെ മൊഴി

തിരുവനന്തപുരം: വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയതായി അറസ്റ്റിലായ പ്രതി സറീന ഷാജിയുടെ മൊഴി. കേസില്‍ സ്വര്‍ണം കടത്തിയത് എങ്ങനെയെന്ന് വിശദമാക്കി ഡി ആര്‍ ഐക്ക് സറീന നല്‍കിയ മൊഴി പുറത്തുവന്നു.[www.malabarflash.com]

താന്‍ എട്ട് തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 50 കിലോ സ്വര്‍ണം കടത്തി. ഓരോ തവണ സ്വര്‍ണം കൊണ്ടുവരുമ്പോഴും 2000 ദിര്‍ഹം വീതം പ്രതിഫലവും ലഭിച്ചു. വിമാന ടിക്കറ്റുകളും ലഭിച്ചിരുന്നുവെന്നും സെറീന പറഞ്ഞു.

തന്റെ ദുബൈയിലെ ബ്യൂട്ടി സലൂണില്‍ കോസ്മറ്റിക്‌സ് വിതരണം ചെയ്യുന്ന നദീം എന്ന പാക്കിസ്താന്‍കാരന്‍ വഴി പരിചയപ്പെട്ട ജിത്തുവാണ് സ്വര്‍ണകടത്തിലേക്ക് കൊണ്ടുവന്നത്.

ജിത്തു ആദ്യം ഫോണില്‍ വിളിച്ച് സ്വര്‍ണകടത്തില്‍ സഹകരിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചു. രണ്ടാഴ്ച്ചക്കു ശേഷം സലാവുദ്ദീന്‍ മെട്രോ സ്‌റ്റേഷനു സമീപം വെച്ച് ജിത്തുവിനെ നേരില്‍ കണ്ടു. സ്വര്‍ണം കടത്തുന്നവരുടെ കൂടെ എസ്‌കോര്‍ട്ടായി വിമാനത്തില്‍ നാട്ടിലേക്കു പോവണമെന്നും അടിയന്തിര സാഹചര്യം വന്നാല്‍ സഹായിക്കണമെന്നും ജിത്തു പറഞ്ഞു.
വിമാനത്താവളത്തില്‍ അടിയന്തിര സാഹചര്യം വന്നാല്‍ നിര്‍ദേശങ്ങള്‍ ഫോണിലൂടെ നല്‍കും. അപ്പോള്‍ ബാഗുമായി പോകണം. ഫോണ്‍ ഓഫ് ആവരുത്.

സ്വര്‍ണംകടത്തുന്നവരുടെ വിവരങ്ങള്‍ പറയില്ല. 30 വയസു പ്രായം തോന്നിക്കുന്ന ജിത്തു ദുബൈയില്‍ എന്താണ് ചെയ്യുന്നത് എന്നറിയില്ല. ഓരോ യാത്രക്കു മുമ്പും ജിത്തു ഫോട്ടോ എടുക്കുമായിരുന്നുവെന്നും മൊഴി പറയുന്നു.

ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ചാണ് മേയ് 12ന് 24 കിലോഗ്രാം സ്വര്‍ണമടങ്ങിയ മൂന്നു ബാഗുകള്‍ നല്‍കിയത്. ഒരു യാത്രക്കാരന്റെ കൂടെ പോവാന്‍ നിര്‍ദേശിച്ചു. ഇത്തവണ സ്വര്‍ണം കൂടുതലാണെന്നും അവസാന കടത്താണെന്നും ജിത്തു പറഞ്ഞു. യു എ ഇയിലെ റോയല്‍ ജ്വല്ലറിയില്‍ നിന്ന് 24 കിലോഗ്രാം വാങ്ങിയതിന്റെ രേഖകളും നല്‍കി. ഇവ ദുബൈ കസ്റ്റംസ് പരിശോധിച്ചു അംഗീകാരം നല്‍കി. 24 കിലോഗ്രാമിന് പുറമെ ഒരു കിലോഗ്രാം സ്വര്‍ണം കൂടി ബാര്‍ രൂപത്തില്‍ ജിത്തു അധികമായി നല്‍കി. തന്റെയും ബിജുവിന്റെയുമാണ് ഈ സ്വര്‍ണമെന്നാണ് പറഞ്ഞത്.

ഒരു ബാഗ് സുനിലേട്ടന്‍ എന്നു വിളിക്കുന്ന യാത്രക്കാരന് നല്‍കി. ഒമാന്‍ എയര്‍ വിമാനം വഴി മസ്‌കറ്റില്‍ ഇറങ്ങി. സുനിലേട്ടന്റെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് വാങ്ങി. അവിടെ ദുബൈയിലെ കസ്റ്റംസ് രേഖകള്‍ കാണിച്ചു അനുമതി നേടി. തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിന് മുമ്പ് സുനിലേട്ടന് ബാഗ് തിരികെ നല്‍കി. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സുനിലേട്ടന്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. എന്റെയടുത്ത് എത്തി എന്റെ ബാഗുകളും വാങ്ങി പോയി. പിന്നീടാണ് ഇയാള്‍ സുനില്‍കുമാര്‍ ആണെന്നു ബോധ്യപ്പെട്ടത്.

വിഷ്ണുവാണ് സ്വര്‍ണം കടത്തുന്നവരുടെ ടിക്കറ്റ്, വിസ, പ്രതിഫലം തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഡ്വ. ബിജുവിന്റെ ഭാര്യ വിനീത, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കര്‍, ഷാജഹാന്‍, പ്രകാശന്‍ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവരാണ് സ്വര്‍ണകടത്തിയിരുന്നത്. 

വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പിലെ എക്‌സ്‌റേയുടെ അടുത്തുണ്ടാവുന്ന ഒരു ഉദ്യോഗസ്ഥന് ഇതില്‍ പങ്കുള്ളതായി വിഷ്ണു പറഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഹക്കീം എന്നയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നതെന്നും സെറീനയുടെ മൊഴിയിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.