Latest News

ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഉദുമയില്‍

ഉദുമ: സര്‍പ്പദോഷം മാറ്റുന്നതിന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എത്തി. രാവിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം മംഗളുരു വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്ററില്‍ നാല് മണിയോടെ ഉദുമ ലളിത് റിസോര്‍ട്ടിലെ ഹെലിപാഡിലിറങ്ങി.[www.malabarflash.com]

ജില്ലാ കളക്ടറും ജില്ലാ പോലീസ് ചീഫും കൂടി പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം ഉദുമ വഴി കാപ്പിലെ താജ് റിസോര്‍ട്ടിലേക്ക് പോയി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയില്‍ പോലീസ് ഒരുക്കിയത്. പ്രധാനമന്ത്രിയെ കാണാന്‍ റോഡിനിരുവശത്തുമായി വലിയ ജനക്കൂട്ടം തടിച്ച്കൂടി. 

ശനിയാഴ്ച രാവിലെ ഏഴിന് ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. സര്‍പ്പദോഷം മാറ്റുന്നതിനുള്ള ആശ്ലേഷ പൂജയില്‍ പങ്കെടുക്കും. 

സാധാരണ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തില്‍ നാഗപൂജ നടക്കുന്നത്. എന്നാല്‍ വിക്രമസിംഗെക്കായി ഒരു ദിവസം മുമ്പ് ക്ഷേത്രത്തില്‍ പ്രത്യേകമായാണ് ആശ്ലേഷ പൂജ ഒരുക്കുന്നത്. ക്ഷേത്ര പൂജാരി രാമചന്ദ്ര അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പൂജ. രാമചന്ദ്ര അഡിഗയുടെ അനുജനും താന്ത്രികാചാര്യനുമായ പത്മനാഭ ശര്‍മ്മയുടെ ഉപദേശമനുസരിച്ചാണ് വിക്രമസിംഗെ നാഗപൂജയ്ക്കെത്തുന്നത്. 

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം നേരത്തേ ബേള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനം കണക്കിലെടുത്ത് കര്‍ശനമായ സുരക്ഷാ സംവിധാനമാണ് ബേളയില്‍ ഏര്‍പ്പെടുത്തുന്നത്. പൂജാരിയുള്‍പ്പെടെ 15 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. പൂജാസമയത്ത് ക്ഷേത്രത്തിലേക്ക് ആരെയും കടത്തിവിടില്ല. ക്ഷേത്രവും പരിസരവും ശ്രീലങ്കയില്‍ നിന്നെത്തിയ പ്രത്യേക സുരക്ഷാ സംഘത്തിന്റെ വലയത്തിലായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.