Latest News

മെസ്ന നജീബ് അറബ് റീഡിങ് ചലഞ്ച് വിജയി

ദുബൈ: അഞ്ചാം ക്ലാസുകാരി മെസ്ന നജീബ് ഈ വര്‍ഷത്തെ യു എ ഇ തല അറബ് റീഡിങ് ചലഞ്ച് വിജയിയായി. ദുബൈയിലെ അല്‍ ഇബ്ദാഅ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.[www.malabarflash.com]

1412 സ്‌കൂളുകളില്‍ നിന്നായി 4,55,000 വിദ്യാര്‍ഥികളാണ് റീഡിങ് ചലഞ്ചില്‍ പങ്കെടുത്തത്. അവസാന റൗണ്ടില്‍ യു എ ഇയിലെ വിവിധ വിദ്യാഭ്യാസ സോണുകളില്‍ നിന്ന് തെരഞ്ഞെടുത്ത 10 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മെസ്ന വിജയിയായത്. ദുബൈ മെന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ നാല് ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.

മികച്ച സൂപ്പര്‍വൈസറിനുള്ള അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദാദ് മുഹമ്മദ് അല്‍ ശിഹി കരസ്ഥമാക്കി. റാസ് അല്‍ ഖൈമയിലെ അല്‍ റംസ് പ്രൈമറി സ്‌കൂളിനാണ് യു എ ഇയിലെ മികച്ച റിസള്‍ട്ട് കരസ്ഥമാക്കിയ സ്‌കൂളിനുള്ള അവാര്‍ഡ്. 

മുഴു വര്‍ഷം നീളുന്ന റീഡിങ് ചലഞ്ചിന്റെ ഭാഗമായി വിവിധ അതോറിറ്റികളെയും വിദ്യാഭ്യാസ സോണുകളെയും വിദ്യാലയങ്ങളെയും ഏകോപിച്ച മന്ത്രാലയം വിദ്യാര്‍ഥികളില്‍ വായനാ സംസ്‌കാരം വര്‍ധിപ്പിക്കുന്നതിനായി സൂപ്പര്‍വൈസര്‍മാരെയും അധ്യാപകരെയും മന്ത്രാലയം പരിശീലിപ്പിച്ചു. ഇവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ലൈബ്രറികള്‍ കേന്ദ്രീകരിച്ചാണ് നിശ്ചയിക്കപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നതിനും അതിലൂടെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണം നടത്തിയത്. ബോധവത്കരണ പരിപാടികള്‍ക്കൊപ്പം വായനാ യജ്ഞവും സംഘടിപ്പിച്ചിരുന്നു.

”നവലോക ക്രമത്തില്‍ ഇന്നലെകളെ മാറ്റിമറിക്കുന്ന പുലരികളായാണ് ഓരോ ദിനവും എത്തുന്നത്. കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായ പുതു ലോകത്ത് ഭാവിയുടെ ഗതിവിഗതികള്‍ എന്തായിരിക്കുമെന്ന് കൂടി മനസിലാക്കിയാല്‍ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയും. ഭാവിയിലെ വെല്ലുവിളികളെ അറിയുന്നതിന് വായന നമ്മെ സഹായിക്കും. വായനയിലൂടെ ജീവിത വിജയം ഉന്നതമാക്കാം” യു എ ഇ വിദ്യാഭ്യാസ സഹമന്ത്രി ജമീല അല്‍ മുഹൈരി പറഞ്ഞു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ധിഷണാപരമായ ആശയമാണ് അറബ് റീഡിങ് ചലഞ്ച്. വായനയിലൂടെ മികച്ച സംസ്‌കാരവും ജീവിത മൂല്യവും വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദ് ഈ ആശയം രൂപപ്പെടുത്തിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റീഡിങ് ചലഞ്ച് ആരംഭിക്കുന്ന ഘട്ടത്തില്‍ 1,57,000 വിദ്യാര്‍ഥികളാണ് ചലഞ്ചിന്റെ ഭാഗമായത്. ഈ വര്‍ഷത്തെ പരിപാടികളില്‍ ആദ്യ വര്‍ഷത്തിന്റെ 50 ശതമാനം കൂടുതലായി 4,55,000 വിദ്യാര്‍ഥികള്‍ പങ്കെടുത്തിട്ടുണ്ടെന്ന് അവര്‍ വിശദീകരിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന ഫൈനല്‍ മത്സരം പിന്നീട് നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.