Latest News

ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്ന ബുക്കിങ്; റെക്കോര്‍ഡുമായി വെന്യു

ഹ്യുണ്ടായ്‌ അവതരിപ്പിക്കുന്ന ചെറു എസ്‌യുവി വെന്യുവിനോട് ഇന്ത്യൻ വിപണിക്കു പ്രിയമേറെ. ബുക്കിങ് തുടങ്ങി 60 ദിവസത്തിനുള്ളിൽ 50000 ബുക്കിങ്ങുകളാണ് ലഭിച്ചത് (ദിവസം ശരാശരി 833 ബുക്കിങ്).[www.malabarflash.com]

വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ മികച്ച ബുക്കിങ് ലഭിച്ചിരുന്ന വെന്യുവിന്റെ വില വന്നതോടെ അവശ്യക്കാർ കൂടി എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 50000 ബുക്കിങ്ങുകളിൽ 18000 യൂണിറ്റ് വിതരണം ചെയ്തെന്നും അതിൽ 55 ശതമാനവും ബ്ലൂ ലിങ്ക് സാങ്കേതിക വിദ്യയുള്ള വാഹനമാണെന്നും ഹ്യുണ്ടായ്‌  പുറയുന്നു.

മേയ് 21നാണ് വെന്യു ഇന്ത്യൻ വിപണിയിൽ അരങ്ങേറിയത്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്കു കാട്ടാത്ത വെന്യുവിനെ, പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ ആകർഷക വിലയ്ക്കാണു ഹ്യുണ്ടായ്‌  വിൽപനയ്ക്കെത്തിച്ചത്.

 6.50 ലക്ഷം രൂപ മുതലാണു വെന്യുവിന്റെ ഷോറൂം വില. അതുകൊണ്ടുതന്നെ ബുക്കിങ് ആരംഭിച്ച ആദ്യ ദിനമായ മേയ് രണ്ടിനു തന്നെ രണ്ടായിരത്തിലേറെ പേർ വെന്യു സ്വന്തമാക്കാനെത്തി. 

മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, ഫോഡ് ഇകോസ്പോർട്, മഹീന്ദ്ര എക്സ്‌യുവി 300 തുടങ്ങിയവയോടു മത്സരിച്ചാണു വെന്യുവിന്റെ ഈ തകർപ്പൻ പ്രകടനം.

മേയ് അവസാനം വെന്യു ഇരുപതിനായിരത്തിലേറെ ബുക്കിങ് നേടിയെടുത്തിരുന്നു. ജൂൺ പകുതിയായപ്പോൾ, വെന്യുവിന്റെ ചില വകഭേദങ്ങൾ ലഭിക്കാൻ ഒന്നര മുതൽ രണ്ടു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുമായി. 

നാല് എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളോടെ വിപണിയിലുള്ള വെന്യുവിന് 6.50 ലക്ഷം മുതൽ 10.84 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. 

83 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷനാണു കൂട്ട്. 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ ലഭ്യമാണ്. 90 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.4 ലീറ്റർ ഡീസൽ എൻജിനൊപ്പം മാനുവൽ ഗീയർബോക്സ് മാത്രമാണു ലഭിക്കുക. ആറു വകഭേദങ്ങളിലാണു ‘വെന്യു’ വിൽപനയ്ക്കുള്ളത്: ഇ, എസ്, എസ്‌എക്സ്, എസ്‌എക്സ് പ്ലസ്, എസ്‌എക്സ് ഡ്യുവൽ ടോൺ, എസ്‌എക്സ് (ഒ).

ഡാർക്ക് ക്രോം മുൻ ഗ്രിൽ, എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പ്രോജക്ടർ ഹെഡ്‌ലാംപ്, പ്രോജക്ടർ ഫോഗ് ലാംപ്, ക്രിസ്റ്റൽ ഇഫക്ടുള്ള എൽഇഡി ടെയ്ൽ ലാംപ്, റൂഫ് റയിൽ, ഷാർക് ഫിൻ ആന്റിന, ഡയമണ്ട് കട്ട് അലോയ് വീൽ, എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ്, കീരഹിത എൻട്രി, വയർലെസ് ചാർജിങ്, ബ്ലൂലിങ്ക് കണക്ടിവിറ്റി സാങ്കേതികവിദ്യ തുടങ്ങിയവയൊക്കെ വെന്യുവിൽ ഹ്യുണ്ടായ്‌  ലഭ്യമാക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.