Latest News

പത്തനംതിട്ടയിലെ ജ്വല്ലറി കവര്‍ച്ച; അഞ്ചുപ്രതികളും പിടിയില്‍

പത്തനംതിട്ട: നഗരത്തില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ചുപ്രതികളും പിടിയില്‍. സേലം പോലിസ് കസ്റ്റഡിയിലെടുത്ത പ്രതികളില്‍ നിന്നും കളവ് മുതല്‍ മുഴുവനും കണ്ടെത്തി. പ്രതികളെ വാങ്ങാനായി പത്തനംതിട്ട പോലിസ് സേലത്തേക്ക് തിരിച്ചു.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട നഗരത്തിലെ മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച കവര്‍ന്നത്. ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ ഉള്‍പ്പടെയുള്ള അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. അക്ഷയ് പാട്ടീല്‍ ഞായറാഴ്ച തന്നെ പിടിയിലായിരുന്നു. 

ഒരാഴ്ച മുമ്പ് ജ്വല്ലറിയില്‍ ജോലിക്കെത്തിയ അക്ഷയ് പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച. നാലംഗസംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയില്‍ ഉപേക്ഷിച്ചശേഷം കടന്നു കളയുകയും ചെയ്‌തെന്ന് പറഞ്ഞാണ് മുഖ്യപ്രതിയായ അക്ഷയ് പാട്ടീല്‍ പോലിസില്‍ കീഴടങ്ങിയത്. എന്നാല്‍ പോലിസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 

ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ചശേഷം കെട്ടിയിട്ടാണ് മോഷണസംഘം കവര്‍ച്ച നടത്തിയത്. സ്വര്‍ണ്ണം ബാഗിലാക്കിയ ശേഷം അക്ഷയ് പാട്ടീലും സംഘവും ഓട്ടോറിക്ഷയില്‍ ബസ്സ്റ്റാന്റിനു സമീപമെത്തി. തുടര്‍ന്ന് അവിടെ കാത്ത് കിടന്ന സ്‌കോര്‍പ്പിയൊ വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായി ഓട്ടോ ഡ്രൈവറും പോലിസിന് മൊഴി നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.