Latest News

കര്‍ണാടക സ്പീക്കര്‍ രമേശ്കുമാര്‍ രാജിവച്ചു

ബംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ്കുമാര്‍ രാജിവച്ചു. ബി എസ് യെദിയൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെയാണു സ്പീക്കര്‍ രാജി പ്രഖ്യാപിച്ചത്.[www.malabarflash.com]

കോണ്‍ഗ്രസുകാരനായ സ്പീക്കര്‍ രാജിവച്ചില്ലെങ്കിലും അദ്ദേഹത്തിനെതിരേ സര്‍ക്കാര്‍ രൂപീകരിച്ചശേഷം ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് അവസരം നല്‍കാതെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. 

മുതിര്‍ന്ന നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് സ്പീക്കര്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. സ്വമേധയാ സ്ഥാനമൊഴിയുന്നുവെന്ന് രമേശ് കുമാര്‍ പറഞ്ഞു. സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, ബി എസ് യെദിയൂരപ്പ എന്നിവരുടെ പേര് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

ജനങ്ങളെ മനസില്‍കണ്ട് ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ സഭ വൈകീട്ട് അഞ്ചുവരെ പിരിഞ്ഞു. 

വിമത എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യനാക്കിയിരുന്നു. ഇവര്‍ക്ക് 15ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. 

സ്പീക്കറുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും അയോഗ്യനാക്കപ്പെട്ട ജെഡിഎസ് എംഎല്‍എ എ എച്ച് വിശ്വനാഥ് പറഞ്ഞു. അതേസമയം, സ്പീക്കറുടെ നടപടിയെ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിനന്ദിച്ചു. നടപടി ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. തിടുക്കത്തില്‍ അദ്ദേഹം നടപടിയെടുത്തില്ല. വളരെ ശ്രദ്ധാപൂര്‍വം ഓരോ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് അദ്ദേഹം നടപടിയെടുത്തതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.