Latest News

എം എല്‍ എയില്‍ നിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നും ചൂണ്ടിക്കാട്ടി ഉന്നാവോ പീഡനത്തിനിരായ പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോക്ക് കത്തയച്ചു. തന്നെ പീഡിപ്പിച്ച പ്രതിയായ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്നും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.[www.malabarflash.com]

അപകടം നടക്കുന്നതിന് 15 ദിവസം മുമ്പാണ് കത്തയച്ചത്. പെണ്‍കുട്ടിയുടെ പിന്നാലെ എം എല്‍ എയുടെ ആള്‍ക്കാര്‍ ഉണ്ടെന്ന കുടുംബത്തിന്റെ ആശങ്ക ശരിവെക്കുന്നതാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്.

ലൈംഗികാതിക്രമ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് പെണ്‍കുട്ടിയുടെ കത്തിലുള്ളത്. ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. ആളുകള്‍ എന്റെ വീട്ടില്‍ എത്തുകയും പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയുമാണ്. പരാതി പിന്‍വലിക്കാത്ത പക്ഷം കുടുംബത്തെ ഒന്നടങ്കം വ്യാജ കേസുകള്‍ ചുമത്തി ജയിലിലടക്കുമെന്നാണ് ഭീഷണി- കത്തില്‍ പറയുന്നു.

ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ പോലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലും എം എല്‍ എക്കെതിരെ കുടുബം പരാതി ഉന്നയിച്ചിട്ടും പ്രതി ചേര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ പോലീസ് തയ്യാറായിരുന്നില്ല.

വിഷയം വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്ത അവസരത്തില്‍ മാത്രമാണ് എം എല്‍ എയേയും സഹോദരന്‍ മനോജിനേയും എട്ട് അനുനായികളേയും പോലീസ് പ്രതിപട്ടികയില്‍ ചേര്‍ക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.