Latest News

ഇറാനുമായുള്ള സംഘര്‍ഷം; അമേരിക്ക സൗദിയില്‍ സൈന്യത്തെ വിന്യസിക്കുന്നു

വാഷിങ്ടണ്‍: ഇറാനുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം ഉരുണ്ടുകൂടവേ സൗദി അറേബ്യയില്‍ സൈനികരെയും മറ്റു സന്നാഹങ്ങളും വിന്യസിക്കാനുള്ള തീരുമാനവുമായി അമേരിക്ക.[www.malabarflash.com]

മേഖലയില്‍ നിന്ന് നേരിടുന്ന അടിയന്തര ഭീഷണിയെ തുരത്തുന്നതിന്റെ ഭാഗമായാണ് സൈനിക വിന്യാസമെന്ന് പെന്റഗണ്‍ വെള്ളിയാഴ്ച്ച പ്രസ്താവനയില്‍ അറിയിച്ചു. 

മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുമെന്ന് സൗദി അറേബ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് പെന്റഗണിന്റെ പ്രസ്താവന. 

500 അമേരിക്കന്‍ സൈനികരെയാണ് സൗദിയില്‍ വിന്യസിക്കുക എന്നാണ് അറിയുന്നത്. മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പെന്റഗണ്‍ തീരുമാനത്തിന്റെ ഭാഗമാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വ്യോമ നിരീക്ഷണത്തിനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 

എണ്ണക്കടത്ത് സുരക്ഷിതമാക്കുന്നതിന് ബഹുരാഷ്ട്ര സംവിധാനം ഒരുക്കുമെന്നും അമേരിക്ക അറിയിച്ചു. യുദ്ധക്കപ്പലുകളും പാട്രിയട്ട് മിസൈല്‍ പ്രതിരോധ ബാറ്ററികളും അമേരിക്ക മേഖലയിലേക്ക് അയക്കുന്നുണ്ട്.
1991ല്‍ ഗള്‍ഫ് യുദ്ധസമയത്താണ് സൗദി അറേബ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ആരംഭിച്ചത്. അത് 12 വര്‍ഷം നീണ്ടു നിന്നിരുന്നു. 2003ല്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതുവരെ റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ തങ്ങിയിരുന്നത്.
വെള്ളിയാഴ്ച്ച ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിട്ടുണ്ട്. 23 ജീവനക്കാര്‍ ഉള്‍പ്പെട്ട കപ്പല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഇറാന്‍ പിടികൂടിയത്. ലൈബീരിയന്‍ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി ഇറാന്‍ പിടിച്ചെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.