Latest News

യുവാവിനെ കാർ കയറ്റി കൊന്ന സംഭവം; ആറ് പേർ കൂടി പിടിയിൽ

കായംകുളം: ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊന്ന കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ (25) കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കായംകുളം ചിറക്കടവത്തെ ഹൈവേപാലസ് ബാറിനു പുറത്ത് മദ്യപർ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം.[www.malabarflash.com]

സുഹൃത്തുക്കൾക്ക് വിവാഹ സൽക്കാരം ഒരുക്കാനാണ് ഷമീർ ഖാൻ കായംകുളത്തെ ബാറിലെത്തിയത്. അവിടെയുണ്ടായിരുന്ന പ്രതികളുമായി തർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് എത്തിയതോടെ പ്രതികൾ ബീയ‍ർ കുപ്പികൊണ്ട് ഷമീർ ഖാന്റെ തലയ്ക്ക് അടിച്ചു. നിലത്ത് വീണ ഷമീറിന്‍റെ തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. 

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ഒന്നാംപ്രതി ഷിയാസിനെയും കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും കിളിമാനൂരിൽ വച്ച് ബുധനാഴ്ച രാവിലെ പോലീസ് പിടികൂടിയിരുന്നു. 

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സേലം റെയിൽവേ സ്റ്റഷൻ പരിസരത്ത് നിന്ന് മറ്റ് പ്രതികൾ പിടിയിലായത്.

കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹില്‍ (21) എന്നിവരെ ഒളിവിൽ പോകാൻ സഹായിച്ച എരുവ പടിഞ്ഞാറ് തുരുത്തിയില്‍ ആഷിഖ് (24), കായംകുളം പുത്തന്‍പുര വടക്കേതില്‍ അജ്മല്‍ (23), പടനിലം നമ്പലശ്ശേരി ഫഹദ് (19), ചിറക്കടവം ആന്റോ വില്ലയില്‍ റോബിന്‍ (23), ചേരാവള്ളി തുണ്ടില്‍ തെക്കതില്‍ ശരത് (19), കിളിമാനൂര്‍ മഠത്തില്‍ കുന്ന് ശ്രീഈശ്വരി ഭവനം സുഭാഷ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തത്.

മുഖ്യ പ്രതികളായ അജ്മല്‍, സഹല്‍ എന്നിവര്‍ക്ക് കിളിമാനൂരില്‍ പണവും മറ്റുസഹായവും ചെയ്തു കൊടുത്തതിനാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്. മുതുകുളത്ത് ലോഡ്ജില്‍ പ്രതികളെ പാര്‍പ്പിക്കുകയും ആവശ്യമായ സഹായങ്ങളും ചെയ്തതിനാണ് ആഷിഖ്, അജ്മല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. 

ഇവിടെ നിന്നും ഇവരെ രാമപുരത്തെത്തിച്ച് ലോറിയില്‍ എറണാകുളത്തേക്ക് കടക്കാന്‍ സഹായിച്ചതിനാണ് ശരത്, റോബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് പണവും വസ്ത്രവും നൽകി എറണാകുളത്ത് നിന്ന് ബെംഗളൂരുവിന് പോകാന്‍ സഹായിച്ചതിനാണ് ഫഹദിനെയും അറസ്റ്റ് ചെയ്തത്.

പ്രതികളെ പിന്തുടർന്ന് ബെംഗളൂരുവിൽ എത്തിയ പോലീസ്, ഇരുവരും അവിടെനിന്നും ട്രെയിന്‍ മാര്‍ഗം തിരികെ മടങ്ങുന്നതായി മനസ്സിലാക്കി. എറണാകുളം, സേലം, പാലക്കാട് എന്നിവിടങ്ങളിൽ റെയില്‍വേ പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ സഹായത്തോടെ സേലം റെയില്‍വേ സ്റ്റേഷനില്‍ ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് പിടികൂടുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.