Latest News

യു.എ.ഇയുടെ പരമോന്നത ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു

അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.[www.malabarflash.com]

യു.എ.ഇയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഇതോടെ യുഎഇയുടെ ഈപരമോന്നത ബഹുമതി നേടിയ പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായി.

ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അബൂദാബിയിലെത്തിയത്. തുടര്‍ന്ന് കാലത്ത് അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം അദ്ധേഹം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരണത്തിനും ഉച്ചവിരുന്നിനും ശേഷമാണ് യുഎഇ പര്യടനം പൂര്‍ത്തിയാക്കി, മോദി ബഹ്‌റൈനിലേക്ക് പുറപ്പെട്ടത്.

യു.എ.ഇയില്‍ മൂന്നു തവണ സന്ദര്‍ശനം നടത്തിയെങ്കിലും ബഹ്‌റൈന്‍ സന്ദര്‍ശനം ഇതാദ്യമായാണ്. ബഹ്‌റൈനില്‍ ഉന്നത തല കൂടിക്കാഴ്ചകള്‍ക്കു ശേഷം വൈകിട്ട് അഞ്ച് മണിക്ക് റിഫഈസാടൗണിലെ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മോദി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടര്‍ന്ന് രാത്രി ബഹ്‌റൈന്‍ രാജാവ് ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും.

ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ചില വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുന്നതിനു പുറമെ, രൂപ ക്രഡിറ്റ് കാര്‍ഡ് ലോഞ്ചിങ്, ഖലീജ് അല്‍ ബഹ്‌റൈന്‍ ബേസിന്‍ എന്നിവയിലെ നിക്ഷേപം തുടങ്ങിയവക്കും തുടക്കമാകും. ഇവയുള്‍പ്പെടെ മറ്റു വിവിധ ഇന്ത്യന്‍ വ്യവസായ സംരംഭങ്ങളിലും ഇന്ത്യയും ബഹ്‌റൈനും ഒപ്പു വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടര്‍ന്ന് ഞായറാഴ്ച കാലത്ത് ബഹ്‌റൈനിലെ ഏറ്റവും വലിയ പുരാതന ഹൈന്ദവ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 200 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്ര നവീകരണത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.