Latest News

കാമുകിയെ കാണാനെത്തിയതിന്റെ പേരിൽ പോലീസിന്റെ ക്രൂരമർദനത്തിനിരയായ അജ്മൽ

കാസർകോട്: പോലീസ് മർദനത്തിന്റെ പാടുകളുമായാണ് മുള്ളേരിയ നെട്ടണിഗെ സ്വദേശി മുഹമ്മദ് അജ്മൽ സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്തിനെത്തിയത്.[www.malabarflash.com]

പ്രണയിച്ച കുട്ടിയെ കാണാനെത്തിയതിന്റെ പേരിൽ കഴിഞ്ഞവർഷം ശ്രീകണ്ഠപുരം പോലീസിന്റെ ക്രൂരമർദനത്തിനിരയായ അജ്മൽ നിരന്തരം തുടരുന്ന ഭീഷണികൾക്കും പോലീസ് ക്രൂരതയ്ക്കുമെതിരെ നീതിതേടിയാണ് അദാലത്തിനെത്തിയത്. മർദനത്തിൽ നട്ടെല്ലിന് ഗുരുതരപരിക്കേറ്റ അജ്മൽ പിതാവിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

നെട്ടണിഗെ സ്വദേശിയായ അജ്മൽ ജോലി ആവശ്യങ്ങൾക്കായാണ് കണ്ണൂരിലെത്തിയത്. ഇവിടെനിന്ന് പരിചയപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായ അജ്മൽ പെൺകുട്ടിയെ കാണാനാണ് ശ്രീകണ്ഠപുരത്തെത്തിയത്. അവിടെനിന്ന് പെൺകുട്ടിയുടെ കുടുംബക്കാരും നാട്ടുകാരും ചേർന്ന് അജ്മലിനെ ശ്രീകണ്ഠപുരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പിന്നീട് നടന്നത് അജ്മൽ പറയുന്നു, ’’കേസെടുക്കാതെ ഒരുദിവസം പോലീസ് കസ്റ്റഡിയിൽവെച്ചു. രണ്ടരമണിക്കൂർ നിർത്താതെ ലാത്തികൊണ്ടടിച്ചു, ബൂട്ടിട്ട്‌ ചവിട്ടി. എസ്.ഐ.യും ഡ്യൂട്ടിയിലുണ്ടായ പോലീസുകാരുമാണ് മർദിച്ചത്. മൂത്രമൊഴിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് നട്ടെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയ നടത്തി. സഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലാണ്’’.

ഇതിനുശേഷവും നിരന്തരം ഭീഷണി വന്നതോടെയാണ് പരാതിയുമായെത്തിയത്. പെൺകുട്ടിയുടെ ഫോട്ടോകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് വീട്ടുകാർ പരാതിയും നൽകി. ഇക്കാര്യങ്ങൾ വ്യാജമാണെന്നും അജ്മൽ പറയുന്നു. ഇപ്പോൾ വീട്ടുകാരെ അപകടപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണിയാണ്‌ വരുന്നത്.


ഇതേത്തുടർന്നാണ് സംഭവത്തിൽ പോലീസിനെതിരെയും പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയും അജ്മൽ ഡി.ജി.പി.ക്ക് അദാലത്തിൽ പരാതി നൽകിയത്. പരിശോധിച്ച് ഒരുമാസത്തിനകം നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. ഉറപ്പുനൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.