Latest News

കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷന്‍ പി രാമകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായ പി രാമകൃഷ്ണന്‍(77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10.20ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com] 

ഏറെക്കകാലമായി അസുഖബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 10.20ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. 

1942 ആഗസ്ത് 2ന് അഴീക്കോട് ആര്‍ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും പി മാധവി ടീച്ചറുടെയും 5 മക്കളില്‍ ഇളയ മകനായാണ് പി രാമകൃഷ്ണന്‍ ജനിച്ചത്. 1952ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്‌ക്വാഡ് പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തെത്തി. 1958ലെ വിദ്യാര്‍ത്ഥി സമരത്തിലും 59ല്‍ വിമോചന സമരത്തിലും പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു. 

1965ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗമായി. 67ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായി. 69ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. 1971ല്‍ ഡിസിസി സെക്രട്ടറിയായി 77ല്‍ പ്രദേശ് സേവാദള്‍ ബോര്‍ഡ് അംഗമായി. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എ കെ ആന്റണിക്കൊപ്പം നിന്നു. 1979 ല്‍ ഡിസിസി(യു) വൈസ് പ്രസിഡന്റും 81ല്‍ ഡിസിസി(യു) പ്രസിഡന്റുമായി. 82ല്‍ ഡിസിസി(എസ്) പ്രസിഡന്റായി. 86ല്‍ കോണ്‍ഗ്രസ് ഐയില്‍ തിരിച്ചെത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി. 87ല്‍ ഡിസിസി(ഐ) വൈസ് പ്രസിഡന്റായി. 2009 മുതല്‍ നാലര വര്‍ഷക്കാലം ഡിസിസി പ്രസിഡന്റായിരുന്നു.
1982ല്‍ ഇടത് മുന്നണിയില്‍ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയായി പേരാവൂരില്‍ മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് കെ പി നൂറുദ്ദീനോട് 126 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 97ലും 91ലും കൂത്തുപറമ്പില്‍ കോണ്‍ഗ്രസ്(ഐ) സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. 

കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതി അംഗം, കേരള സ്‌റ്റേറ്റ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്. 

1976 മുതല്‍ 5 വര്‍ഷം കണ്ണൂര്‍ ആര്‍ടിഎ ബോര്‍ഡംഗം, 1976ല്‍ ജില്ലാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഗവേണിങ് ബോര്‍ഡംഗം, മുഴപ്പിലങ്ങാട് ഫുഡ് കോര്‍പറേഷന്‍(ഐഎന്‍ടിയുസി യൂനിയന്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ടൈല്‍സ് തൊഴിലാളിയൂണിയന്‍ പ്രസിഡന്റ്, പുരുഷോത്തം ഗോകുല്‍ദാസ് പ്ലൈവുഡ് യൂനിയനില്‍ ഐഎന്‍ടിയുസി പ്രസിഡന്റ്, വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഐ എന്‍ടിയുസി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ ആശയങ്ങളുമായി എന്നും പോരടിച്ചിരുന്ന പി ശ്രീരാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരിക്കെ ഗ്രൂപ്പ് പോര് കാരണമാണ് രാജിവയ്‌ക്കേണ്ടി വന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്ന പി ശ്രീരാമകൃഷ്ണന്‍ മദ്യനിരോധന സമിതിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു.1973 മുതല്‍ 27 വര്‍ഷം പടയാളി സായാഹ്ന പത്രത്തിന്റെ പത്രാധിപരായിരുന്നു. 

ദേശവാണി പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എംഎല്‍എയും കണ്ണൂര്‍ ഡി സി സി പ്രസിഡന്റുമായിരുന്ന പി ഗോപാലന്‍ സഹോദരനായിരുന്നു. 

ഭാര്യ: ഷൈമലത. മക്കള്‍: ദിവ്യാ ശ്രീകുമാര്‍, ദീപാ ഷാജി, ദീപക് കൃഷ്ണ. മൃതദേഹം കണ്ണൂരിലെ പയ്യാമ്പലം റോഡില്‍ പഴയ സംഗീത തിയറ്ററിനടുത്തുള്ള സ്പ്രിങ് ഫീല്‍ഡ് ഫ്‌ളാററിലെത്തിക്കും. വ്യാഴാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 11നു പയ്യാമ്പലത്ത് സംസ്‌കരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.