ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ ആധുനിക രീതിയിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നു. സ്ഥലം കണ്ടെത്താന്‍ പള്ളിക്കര പഞ്ചായത്തിലെ ചെര്‍ക്കാപ്പാറയിലും ബേഡഡുക്കയിലെ കുണ്ടംകുഴിയിലും പരിശോധന നടത്തി.[www.malabarflash.com]
കായിക-യുവജന കാര്യാലയം ചീഫ് എന്‍ജിനീയര്‍ ആര്‍.ബിജുവും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അനന്തകൃഷ്ണനും സംഘവുമാണ് പ്രാഥമിക പരിശോധന നടത്തിയത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. കായികമന്ത്രി ഇ.പി.ജയരാജന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 18 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലമുണ്ട്. ഇവിടെയാണ് പരിശോധന നടന്നത്. ചെര്‍ക്കാപ്പാറയില്‍ രണ്ടേക്കര്‍ വരുന്ന പഞ്ചായത്ത് മൈതാനമാണ് പരിഗണിക്കുന്നത്. ഇത് ഫുട്‌ബോള്‍ കളിക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. പക്ഷേ, ഇന്‍ഡോര്‍ സ്റ്റേഡിയമാക്കിയാല്‍ ഫുട്‌ബോള്‍ കളിക്ക് ഉപയോഗിക്കാനാവില്ല എന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
10 കോടി രൂപയുടെ അടങ്കല്‍ നിശ്ചയിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയം രൂപകല്പന ചെയ്യുക. ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിമിന്റണ്‍, കബഡി എന്നീ കോര്‍ട്ടുകള്‍ ഇവിടെയുണ്ടാകും. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്കും സ്റ്റേഡിയം ഉപകാരപ്പെടുന്ന തരത്തില്‍ ബന്ധപ്പെട്ട സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയാണ് പ്രവൃത്തി നടക്കുക.
എട്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഉദുമ നിയോജക മണ്ഡലത്തില്‍ ഒട്ടേറെ കായികമത്സരങ്ങള്‍ നടക്കാറുണ്ടെങ്കിലും ലക്ഷക്കണക്കിന് രൂപ ചെലവിട്ട് താത്കാലിക സൗകര്യങ്ങള്‍ ഒരുക്കിയാണ് സംവിധാനമാക്കുന്നത്.
കോളിയടുക്കത്ത് രാജീവ് ഗാന്ധി ഓപ്പണ്‍ സ്റ്റേഡിയം ഉണ്ടെങ്കിലും പരിമിതമായ സൗകര്യമേ ഇവിടെയുള്ളൂ. ജില്ലയില്‍ 400 മീറ്റര്‍ ട്രാക്ക് ഉള്ള സ്റ്റേഡിയം കൂടിയാണിത്. പരമാവധി 150 പേര്‍ക്ക് ഇരിക്കാവുന്ന പവലിയന്‍ സൗകര്യമുണ്ട്. ചെമ്മനാട് പഞ്ചായത്തും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നാലേക്കര്‍ വരുന്ന ഈ സ്റ്റേഡിയം ജില്ലാ സ്റ്റേഡിയമാക്കാനുള്ള പ്രാഥമിക പരിശോധന നടത്തി ശുപാര്‍ശ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നീന്തല്‍ക്കുളവും ജില്ലാ സ്റ്റേഡിയത്തോടൊപ്പം പരിഗണനയിലാണ്.
No comments:
Post a Comment