Latest News

അസ്ഹറുദ്ദീന്റെ മകനും സാനിയ മിര്‍സയുടെ സഹോദരിയും വിവാഹിതരാകുന്നു

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും വിവാഹിതരാകുന്നു.[www.malabarflash.com]

മകന്‍ ആസാദുദ്ദീന്‍, സാനിയയുടെ സഹോദരി അനം മിര്‍സയെ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം അസ്ഹറുദ്ദീനും സാനിയയും തന്നെയാണ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇനി ചര്‍ച്ച വേണ്ടെന്നും വാര്‍ത്ത സത്യമാണെന്നും അസ്ഹറുദ്ദീനും സാനിയ മിര്‍സയും പ്രതികരിച്ചു. 

ആസാദിനും അനം മിര്‍സയ്ക്കുമൊപ്പമുള്ള ചിത്രം 'കുടുംബം' എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല. 

സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബര്‍ 18ന് അക്ബര്‍ റഷീദ് എന്നയാളെ അനം മിര്‍സ വിവാഹം ചെയ്തിരുന്നു. എന്നാല്‍, ഒന്നര വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. 

മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീന്‍ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ല്‍ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ അഭിഭാഷകനും നിര്‍മാണ മേഖലയില്‍ സജീവവുമാണ് ആസാദ്. 

അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീന്‍ 2011ല്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലികാണ് സാനിയയുടെ ഭര്‍ത്താവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.