Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി നാടും നഗരവും ഒരുങ്ങി

കാഞ്ഞങ്ങാട്: കലയുടെ ഉൽസവത്തിന് തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. 239 ഇനങ്ങളിലായി 12,000 വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന 60–ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി നാട്ടിൻപുറങ്ങളും നഗരവും ഒരുങ്ങിക്കഴിഞ്ഞു.[www.malabarflash.com] 

28 വർഷത്തിനു ശേഷമാണ് സ്കൂൾ കലോത്സവം വീണ്ടും കാസർകോടെത്തുന്നത് എന്ന പ്രത്യേകതയുണ്ട്.

ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കങ്ങൾ വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രധാന വേദിയുൾപ്പെടെ എല്ലാ വേദികളും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ സംഘാടക സമിതിക്കു കൈമാറി. മന്ത്രി വേദികളുടെ ഇലക്ട്രിക് സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

വ്യാഴാഴ്ച രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തുന്നതോടെ കലോത്സവത്തിനു തുടക്കമാകും. രാവിലെ ഒമ്പത് മണിക്കാണ് ഉദ്ഘാടന സമ്മേളനം. 60 അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗതഗാനം ഉദ്ഘാടന സമ്മേളനത്തെ വേറിട്ടതാക്കും. ഇതിനുള്ള പരിശീലനങ്ങൾ പ്രധാനവേദിയിൽ പൂർത്തിയായി. വിദ്യാർഥികളുടെ നൃത്തശിൽപ്പവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എൻ.എ.നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എം.സി.ഖമറുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ എന്നിവർ അഥിതികളായി പങ്കെടുക്കും. ഡിസംബർ ഒന്നിന് വൈകിട്ട് നാലിനാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ പതാക കൈമാറും.

28 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാവേദികളിലും രാവിലെ ഒമ്പതിനു തന്നെ മത്സരങ്ങൾ ആരംഭിക്കും. എച്ച്എസ് - 96, എച്ച്എസ്എസ്- 105, സംസ്കൃതം-19, അറബിക് - 19 എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ നടക്കുക. ഒന്നാം ദിവസം 2,700 വിദ്യാർഥികൾ വേദിയിലെത്തും. രണ്ടാം ദിനം 2910, മൂന്നാം ദിനം 2650, നാലാം ദിനം 510 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം. മത്സരം കഴിഞ്ഞാലുടൻ വേദിയിൽ തന്നെ ഫലപ്രഖ്യാപനമുണ്ടാകും.

പൂമരം ആപ്പ് വഴി ഫലം അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തത്സമയം പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും സംവിധാനമുണ്ട്. സർട്ടിഫിക്കറ്റുകളും ട്രോഫിയും പ്രധാന വേദിക്കു സമീപമുള്ള കൗണ്ടറിൽ തന്നെ സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും ട്രോഫി നൽകും. 717 വിധികർത്താക്കളും 200 റിസർവ്ഡ് വിധികർത്താക്കളും കലോത്സവത്തിലുണ്ടാകും.

മത്സര വേദികളിൽ മത്സരാർഥികൾക്ക് ഒപ്പം ഒരു അധ്യാപകനു മാത്രമായിരിക്കും പ്രവേശനം. നേരത്തെ നടന്നു വന്നിരുന്ന രചനാ മത്സരങ്ങൾ ഇത്തവണ 28, 29, 30 തീയതികളിൽ കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മത്സരാർഥികൾക്ക് കൊവ്വൽ പള്ളിയിലെ ഭക്ഷണ ശാലയിലാണ് ഭക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പൂർണമായും ഹരിതച്ചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

എൻഎസ്എസ്, എൻസിസി, ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ്, എസ്പിസി വിഭാഗങ്ങളിലായി ആയിരത്തോളം വോളണ്ടിയർമാരാണ് രംഗത്തുള്ളത്. മത്സരാർഥികൾക്കായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും വേദികളിലേക്കെത്താൻ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 40 ബസുകൾ വേദികൾ തോറും 5 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. മന്ത്രി ഇ. ചന്ദ്രശേഖരനാണ് കലോത്സവത്തിന്റെ ചെയർമാനും‌ പൊതു വിദ്യഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ജനറൽ കോഡിനേറ്ററും കലക്ടർ ഡോ. ഡി. സജിത്ത് ബാബു രക്ഷാധികാരിയുമാണ്. എഡിപിഐ സി. എ. സന്തോഷ് ജനറൽ കൺവീനററായും ഡിസിഇകെ വി. പുഷ്പ കൺവീനറുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.