Latest News

മത്സ്യവില്‍പ്പന ശാലയ്ക്ക് നല്കിയ ലൈസന്‍സ് ഉദുമ ഗ്രാമ പഞ്ചായത്തിന് പൊല്ലാപ്പായി

ഉദുമ: ഉദുമ പള്ളത്ത് സ്വകാര്യ വ്യക്തി തുടങ്ങിയ മത്സ്യവില്‍പ്പന ശാലക്കെതിരെ മത്സ്യതൊഴിലാളികള്‍ നിലപാട് കടുപ്പിച്ചതോടെ പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ പുതുവഴികള്‍ തേടുകയാണ് ഭരണസമിതി.[www.malabarflash.com]

പ്രശ്‌നങ്ങളുടെ തുടക്കം ഇങ്ങനെ: ഒരു മാസം മുന്‍പ് തൃക്കരിപ്പൂര്‍ സ്വദേശി ഉദുമ പളളത്ത് ഫ്രെഷ് ക്യാച്ച് എന്ന പേരില്‍ പച്ച മീന്‍ വില്‍പ്പനശാല പഞ്ചായത്ത് ലൈസന്‍സോടെ തുടങ്ങി. പുതിയ കസ്റ്റമറെ ലഭിക്കാന്‍ ഇവിടെ വില കുറച്ചു വില്‍പ്പന തുടങ്ങിയതോടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മുറുമുറുപ്പ് തുടങ്ങി.
പുതിയ മീന്‍ കട തങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുമെന്ന ഭീതി ഉയര്‍ന്നതോടെ പാലക്കുന്ന് ചന്തയില്‍ മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ കഴിഞ്ഞ നാലാം തീയ്യതി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതേ തുടര്‍ന്ന് പരിശീലനത്തിനു പോയ സെക്രട്ടറി ഓഫീസിലെത്തിയാലുടന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ അന്നു മീന്‍ വില്‍പ്പനക്കാരികള്‍ പിരിഞ്ഞു പോയി.
പിന്നീട് പഞ്ചായത്ത ഭരണ സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മത്സ്യ തൊഴിലാളികളേയും, കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളുടെയും, സംഘടനാനേതാക്കളുടേയും യോഗം വിളിച്ചു. ഈ യോഗത്തില്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ നിന്നുള്ള ഭരണ സമിതി അംഗങ്ങളായ ശംഭു ബേക്കലും, ലക്ഷ്മി ബാലനും മത്സ്യതൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 

ഇതോടെ പഞ്ചായത്ത് ഭരണ സമതി കടയുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.
വില്‍പ്പനയക്ക് നല്കിയ ലൈസന്‍സിന്റെ മറവില്‍ ഈ കടയില്‍ മത്സ്യം മുറിച്ചു വില്‍ക്കുന്നുവെന്നു ചൂണ്ടി കാട്ടിയായിരുന്നു സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനെതിരെ കടയുടമ ഭരണ സമിതിക്ക് അപ്പീല്‍ നല്‍കുകയും, കട പതിവു പോലെ തുറന്നു കച്ചവടം നടത്തുകയും ചെയ്തു കൊണ്ടിരുന്നു.
കടയുടമയുടെ അപ്പീല്‍ വരുന്ന 13 നു നടക്കുന്ന പഞ്ചായത്തു ഭരണ സമിതി യോഗത്തില്‍ പരിഗണിക്കാനിരിക്കെ വെള്ളിയാഴ്ച മത്സ്യതൊഴിലാളി സ്ത്രീകള്‍ പഞ്ചായത്ത് ഓഫീസും, മീന്‍ വില്‍ക്കുന്ന കടയും ഉപരോധിച്ചു. സംഭവം ക്രമസമാധന പ്രശ്‌നമായി മാറുമെന്നായതോടെ ബേക്കല്‍ പോലീസ് ഇടപെട്ടു.
സ്റ്റോപ്പ് മെമ്മോ അപ്പീല്‍ പരിഗണിക്കുന്ന 13 വരെ കട അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയതോടെ വെള്ളിയാഴ്ച സ്ത്രീകള്‍ മടങ്ങിപ്പോയി.
ഉദുമയില്‍ നിന്നുള്ള മത്സ്യ വില്‍പ്പനക്കാരും ഉപരോധിക്കാനെത്തിയിരുന്നു.
അടുത്ത ഭരണ സമിതിയില്‍ കട പൂട്ടാന്‍ നിര്‍ദ്ദേശമുണ്ടായില്ലെങ്കില്‍ പുരുഷ മത്സ്യതൊഴിലാളികളെ കൂടി സമരത്തിനിറക്കി ശക്തിപ്പെടുത്തുമെന്ന് സ്ത്രീകള്‍ മുന്നറിയിപ്പു നല്‍കിയാണ് പിരിഞ്ഞു പോയത്.
ലക്ഷങ്ങള്‍ മുടക്കി കട തുടങ്ങിയ ഉടമ കിട്ടിയ ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ നിന്നുള്ള രണ്ട് ഭരണ സമിതി അംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ രാജിയിലുറച്ചു നിന്നാല്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഒരാളുടെ മുന്‍ തൂക്കത്തില്‍ യു.ഡി.എഫിനു ലഭിച്ച ഭരണം അഞ്ചു വര്‍ഷം തികയ്ക്കാതെ വിട്ടൊഴിയേണ്ടി വരും. ഈ ഗതികേട് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം മത്സ്യതൊഴിലാളികള്‍ക്കനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ രാജിവെച്ച് അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് വാര്‍ഡ് അംഗം ശംഭു ബേക്കല്‍ പറഞ്ഞു.
മാറ്റങ്ങളും, വികസനങ്ങളും വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കാന്‍ ആകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി പറഞ്ഞു. രേഖകള്‍ പരിശോധിച്ചു ലൈസന്‍സ് നല്‍കുന്നത് ഉദ്യോഗസ്ഥരാണ്. ഇപ്പോഴത്തെ പ്രശ്‌നം ഇരുകൂട്ടര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ പരിഹരിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് കൂടിയായ വാര്‍ഡു മെമ്പറുടെ കെട്ടിടത്തിലാണ് മീന്‍ കടയ്ക്ക് ലൈസന്‍സ് കിട്ടിയിട്ടുള്ളത്. അതു കൊണ്ടു തന്നെ ഭരണ സമിതിയിലെ കുറച്ചു പേര്‍ക്കെങ്കിലും ഈ വിവരം അറിയുമായിരുന്നു. ലൈസന്‍സ് ഉടമ നിയമപരമായി നീങ്ങിയാല്‍ ഭരണക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല. അതെ സമയം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കൊപ്പമാണ് തങ്ങളെന്ന പ്രതീതിയും ഇവര്‍ ഉയര്‍ത്തുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.