Latest News

പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു; കേന്ദ്രത്തെ അറിയിക്കാമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ബില്‍ നടപ്പാക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് ആശങ്കയറിയിച്ചു.[www.malabarflash.com]

പൗരത്വ ബില്ലില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം വിവേചനപരമാണെന്ന് ഗവര്‍ണറെ അറിയിച്ച കാന്തപുരം, ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കാമെന്ന് ഗവര്‍ണര്‍ കാന്തപുരത്തിന് ഉറപ്പ് നല്‍കി.

പൗരത്വ ബില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തിയാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത്.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സമിതി അംഗം സിദ്ദീഖ് സഖാഫി നേമം, മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി യൂസുഫ് ഹൈദര്‍ എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു.

പൗരത്വ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായേയും കാണുമെന്ന് കാന്തപുരം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മതത്തെ പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡമാക്കി മാറ്റുന്നതിലൂടെ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണെന്ന് കാന്തപുരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.