Latest News

ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ് മെന്റ് അറസ്റ്റ് ചെയ്ത സി.സി തമ്പിയുടെ ചെമ്പിരിക്കയിലെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയില്‍

കാസര്‍കോട്: കോടികളുടെ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സി.സി തമ്പിയുടെ കാസര്‍കോട് ചെമ്പിരിക്കയിലുള്ള റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത് കയ്യേറ്റഭൂമിയിലാണെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.[www.malabarflash.com] 

ഇതോടെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ റവന്യൂ അധികൃതര്‍ ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ ബിസിനസ് പങ്കാളിയായ തമ്പി ചാത്തംങ്കൈ ഹോളിഡെ എന്ന പേരിലാണ് ചെമ്പരിക്കയില്‍ റിസോര്‍ട്ട് നിര്‍മ്മാണം തുടങ്ങിയത്. 

എന്നാല്‍ നാട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ റിസോര്‍ട്ട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. ഈ റിസോര്‍ട്ട് എന്‍ഫോഴ്‌സ് മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. ബി.ആര്‍.ഡി.സി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയത്. 

1990-1992 കാലത്ത് സെന്റിന് 1500 രൂപ പ്രകാരം 27 ഏക്കര്‍ സ്ഥലമാണ് തമ്പി ഇതിനായി വാങ്ങിയത്. റിസോര്‍ട്ടിനായി മതില്‍കെട്ടിയപ്പോള്‍ പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെടാന്‍ ഇത് ഇടവരുത്തി. ഈ തോട്ടില്‍ വീണ് ഒരു പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു. റിസോര്‍ട്ടിനെതിരെ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാകാന്‍ ഇത് കാരണമാകുകയായിരുന്നു. 

നാട്ടുകാര്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിച്ചിരുന്നു. 14 ഏക്കറോളം റവന്യൂ ഭൂമി റിസോര്‍ട്ടിനു വേണ്ടി കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. 

മാണി- ചാത്തങ്കൈ-നോമ്പില്‍ പുഴയോരം കയ്യേറി 14 മീറ്ററോളം അകലത്തില്‍ മതില്‍കെട്ടി ഉയര്‍ത്തിയെന്നും ഇത് ഏഴ് കിലോമീറ്റര്‍ നീളത്തില്‍ അഴിമുഖം വരെ നീണ്ടു കിടക്കുന്നുണ്ടെന്നും വ്യക്തമായി. വന്‍തോതിലുള്ള കയ്യേറ്റം നടന്നതായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലും ചൂണ്ടികാണിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.