Latest News

'ആസാദി' മുദ്രാവാക്യങ്ങളാല്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിച്ച് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്

കാസറകോട്: 'ആസാദി' വിളികളിലൂടെ രാജ്യമാകെ അലയടിക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത് ചേര്‍ത്ത് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്.[www.malabarflash.com]

രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസറകോട് തുടക്കം കുറിച്ച 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' അക്ഷരാര്‍ത്ഥത്തില്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിക്കുന്നതായി.
'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ ആദ്യദിനം തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. 

മാര്‍ച്ച് തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ കാസറകോട് മുന്‍സിപ്പല്‍ ഓഫിസ് പരിസരം(പുലിക്കുന്ന്) ജനനിബിഢമായി. കാസറകോട് നഗരത്തിന്റെ ഹൃദയഭൂമിയിലൂടെ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി മുന്നേറിയ മാര്‍ച്ച് നായന്മാര്‍മൂലയില്‍ സമാപിച്ചു. 

ആസാദി മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തിയ മാര്‍ച്ച് ഭരണകൂട ഭീകരതയിലൂടെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ഫാഷിസത്തിനു കനത്ത താക്കീതു നല്‍കുന്നതായിരുന്നു. 'കാഗസ് നഹീ ദിഖായേങ്കേ (ഞങ്ങള്‍ രേഖ കാണിക്കില്ല) എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു മാര്‍ച്ചിന് അണിനിരന്നവര്‍ ഉയര്‍ത്തിയത്. 

മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച ഫാഷിസത്തിന്റെ കപടദേശീയതയും കുടില തന്ത്രവും തുറന്നുകാട്ടുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' തെരുവരങ്ങ് ശ്രദ്ധേയമായി. 

ദൃശ്യാവിഷ്‌കാരം വീക്ഷിക്കുന്നതിന് ജില്ലയുടെ വിവിധയിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. സിറ്റിസണ്‍സ് മാര്‍ച്ച് നായന്മാര്‍മൂലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.