Latest News

ബഗ്ദാദിൽ യു.എസ് വ്യോമാക്രമണം; ഇറാന്‍റെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു

ബഗ്ദാദ്: ബഗ്ദാദിലെ വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനി ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു.[www.malabarflash.com]

ഇസ്​ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവനാണ് ഖാസിം സുലൈമാനി. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അർധരാത്രിയിലാണ് ബഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തിയത്. ആക്രമണം നടത്തിയതായി യു.എസും സ്ഥിരീകരിച്ചു.

യു.എസ് ആക്രമണത്തോട് അതിക്തമായാണ് ഇറാൻ പ്രതികരിച്ചത്. ജനറൽ സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു.

ഐ.എസ്, അൽ നുസ്റ, അൽ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാൻ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണിത്. ഈ തെമ്മാടിത്തത്തിന്‍റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയായിരിക്കുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെ‍യ്തു.

ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാൻ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിലൂടെ അറിയിച്ചു. ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയെന്ന് പെന്‍റഗണും വ്യക്തമാക്കി. 

തൊട്ടുപിന്നാലെ വിശദീകരണങ്ങളൊന്നുമില്ലാതെ യു.എസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തു. തിരിച്ചടിക്കുമെന്ന് ഇറാനും അറിയിച്ചിട്ടുണ്ട്

ഇതോടെ യുഎസ്–ഇറാൻ–ഇറാഖ് ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂടിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.