Latest News

മൊബൈല്‍ യുഗത്തിന് പാകത്തില്‍ പുതിയ മൈക്രോസോഫ്റ്റ് ഓഫീസ്

ടച്ച്‌സ്‌ക്രീനിന് യോജിച്ച രൂപത്തില്‍ പരിഷ്‌ക്കരിച്ച വേഡും എക്‌സലും പവര്‍പോയന്റും ഔട്ട്‌ലുക്കും അടങ്ങിയ പുതിയ 'ഓഫീസ് സ്യൂട്ട്' മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. കമ്പനിയുടെ സ്‌കൈപ്പ് വീഡിയോ ചാറ്റ് സേവനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതാണ് പുതിയ സോഫ്റ്റ്‌വേര്‍.
മാത്രമല്ല, ആപ് സ്റ്റോറില്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഓഫീസ് സ്യൂട്ടിലെ (Office 365 Home Premium) സോഫ്റ്റ്‌വേറുകള്‍ക്ക് പുതിയ ഫീച്ചറുകള്‍ ഏര്‍പ്പെടുത്താനും സാധിക്കും. ഓഫീസ് ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഒരു പുനര്‍നിര്‍ണയമാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍, വ്യത്യസ്ത കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വഴി ഡോക്യുമെന്റുകള്‍ ഓണ്‍ലൈനില്‍ നോക്കാന്‍ പാകത്തിലാണ് ഓഫീസ് സ്യൂട്ട് പരിഷ്‌ക്കരിച്ചിരിക്കുന്നത്. മൊബൈല്‍ യുഗത്തിന് ചേര്‍ന്ന വിധത്തില്‍ മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റവും ജനപ്രിയ സോഫ്റ്റ്‌വേറിനെ രൂപപ്പെടുത്തിയിരിക്കുകയാണ്.
ഇത്രകാലവും ഉപഭോക്താക്കള്‍ കാശുകൊടുത്ത് ഓഫീസ് ഉത്പന്നങ്ങള്‍ വാങ്ങുകയാണ് ചെയ്തിരുന്നതെങ്കില്‍, ഇനി 100 ഡോളര്‍ (5400 രൂപ) വാര്‍ഷികവരിസംഖ്യ നല്‍കി ഉപയോഗിക്കാം. മുമ്പത്തേതുപോലെ വാങ്ങാന്‍ 140 ഡോളര്‍ (7500 രൂപ) നല്‍കണം.
ഒറ്റത്തവണ 140 ഡോളര്‍ നല്‍കിയാല്‍ കിട്ടുന്ന സോഫ്റ്റ്‌വേറിന് ആരെങ്കിലും എല്ലാ വര്‍ഷവും 100 ഡോളര്‍ വീതം നല്‍കുമോ? മാത്രമല്ല, വേഡ്, എക്‌സല്‍, പവര്‍പോയന്റ് തുടങ്ങിയവയുടെ പകരം പ്രോഗ്രാമുകള്‍ ഓണ്‍ലൈനില്‍ സൗജന്യമായാണ് ഗൂഗിള്‍ നല്‍കുന്നത്. അധിക ഫീച്ചറുകളുള്ള ഗൂഗിള്‍ സോഫ്റ്റ്‌വേറിന് 50 ഡോളര്‍ നല്‍കിയാല്‍ മതി. ആ നിലയ്ക്കും പുതിയ ഓഫീസ് സ്യൂട്ടിന് എത്ര സ്വീകാര്യത ലഭിക്കും - നിരീക്ഷകര്‍ ചോദിക്കുന്നു.
എന്നാല്‍, നൂറു ഡോളര്‍ വരിസംഖ്യ നല്‍കിയാല്‍ ഒരേസമയം അഞ്ച് വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളില്‍ ഓഫീസ് സ്യൂട്ട് ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ക്ലൗഡ് അധിഷ്ഠിതമായാണ് പുതിയ ഓഫീസ് സ്യൂട്ട് പ്രവര്‍ത്തിക്കുക. വരിക്കാര്‍ക്ക് മൈക്രോസോഫ്റ്റിന്റെ 'സ്‌കൈഡ്രൈവി'ല്‍ (SkyDrive) അധിക സ്റ്റോറേജ് സൗകര്യം ലഭിക്കും.
കൂടാതെ, സൗജന്യമായി 60 മിനിറ്റ് സ്‌കൈപ്പ് ഫോണ്‍ സംഭാഷണവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ക്രമേണ ഉപഭോക്താക്കള്‍ വരിസംഖ്യയിലേക്ക് മാറുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ.
പരമ്പരാഗത ഡെസ്‌ക്ടോപ്പുകള്‍ക്കും ആധുനിക ടച്ച്‌സ്‌ക്രീനുകള്‍ക്കും ഒരേപോലെ പാകമാകും വിധത്തില്‍ പരിഷ്‌ക്കരിച്ച വിന്‍ഡോസ് 8 കഴിഞ്ഞ വര്‍ഷമാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. കാഴ്ചയിലും പ്രവര്‍ത്തനത്തിലും വിന്‍ഡോസ് 8 നോട് യോജിച്ചുപോകും വിധമാണ് 'ഓഫീസ് 365' ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ പവര്‍പോയന്റ് പ്രസന്റേഷനുകളും മറ്റും സ്‌കൈപ്പിന്റെ സഹായത്തോടെ നടത്താന്‍ ഇനി അനാസായം കഴിയും. എന്നിരിക്കിലും, ആപ്പിള്‍ ഐപാഡില്‍ ഓഫീസ് 365 പ്രവര്‍ത്തിക്കില്ല എന്നത് പോരായ്മയാണ്.

ഓണ്‍ലൈന്‍ ഓഫീസ് 365 ന് വേണ്ടിയുള്ള ആപ്‌സ് ഫിബ്രവരി 27 ന് മൈക്രോസോഫ്റ്റ് പുറത്തിറക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.