Latest News

ഗാലക്‌സി വഴിയില്‍ യങും ഫെയിമും

മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളുടെയും അനുബന്ധ വ്യവസായികളുടെയും വാര്‍ഷികസമ്മേളനമാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (എം.ഡബ്ല്യു.സി). 1987 ല്‍ ആരംഭിച്ച എം.ഡബ്ല്യു.സി.യിലാണ് മുന്‍നിര കമ്പനികളെല്ലാം തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌പെയിനിലെ ബാഴ്‌സലോണ നഗരമാണ് എം.ഡബ്ല്യു.സി.യുടെ സ്ഥിരം വേദി.
കഴിഞ്ഞവര്‍ഷത്തെ സമ്മേളനത്തില്‍ 200 രാജ്യങ്ങളില്‍ നിന്നായി 67,000 പേര്‍ പങ്കെടുത്തിരുന്നു. 1500 കമ്പനികളുടെ പവിലിയനുകളുണ്ടായിരുന്നു എക്‌സിബിഷനായിരുന്നു 2012 എം.ഡബ്ല്യു.സി.യുടെ മുഖ്യ ആകര്‍ഷണം. സാംസങ് ഗാലക്‌സി ബീം, ഏസ് 2, സോണി എക്‌സ്പീരിയ യു, എല്‍.ജി. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി., എച്ച്.ടി.സി. വണ്‍ എക്‌സ്, ഹ്വാവേ അസെന്റ് ഡി ക്വാഡ് എന്നീ സ്മാര്‍ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ആ പ്രദര്‍ശനത്തിലായിരുന്നു.
ഈ വര്‍ഷത്തെ എം.ഡബ്ല്യു.സി. ഫിബ്രവരി 25 മുതല്‍ 28 വരെ ബാഴ്‌സലോണയില്‍ നടക്കാനിരിക്കുകയാണ്. ആ വേദിയില്‍ മൊബൈല്‍ കമ്പനികള്‍ ഏതൊക്കെ പുത്തന്‍ മോഡലുകള്‍ പുറത്തിറക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ടെക് പ്രേമികള്‍. എച്ച്.ടി.സി. എം.7, സോണി എക്‌സ്പീരിയ സെഡ് തുടങ്ങി നിരവധി മോഡലുകള്‍ ഇത്തവണ അവതരിക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗാലക്‌സി സീരീസില്‍ യങ്, ഫെയിം എന്നീ രണ്ടു മോഡലുകള്‍ കൂടി സാംസങ് എം.ഡബ്ല്യു.സി. പ്രദര്‍ശനത്തില്‍ പുറത്തിറക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനി അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. എം.ഡബ്ല്യു.സി. ആരംഭിക്കുന്നതിന് മൂന്നാഴ്ചകള്‍ക്ക് മുമ്പ് തന്നെ രണ്ടു മോഡലുകളുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സാംസങ് സസ്‌പെന്‍സ് കളഞ്ഞുവെന്ന് കരുതുന്നവരുമുണ്ട്.
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന, ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറോടു കൂടിയതാണ് രണ്ടു മോഡലുകളും. കാഴ്ചയിലും രണ്ടു ഇരട്ട പെറ്റതാണെന്നേ തോന്നു. സ്‌ക്രീന്‍ വലിപ്പത്തിലെയും ക്യാമറ മികവിലെയും ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് ഇരുഫോണുകളും തമ്മിലുള്ള വ്യത്യാസം. 480 X 320 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ 3.27 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഗാലക്‌സി യങിനുള്ളത്. ഗാലക്‌സി ഫെയിമിനാകട്ടെ അതേ പിക്‌സല്‍ റിസൊല്യുഷനോടു കൂടിയ 3.5 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. യങില്‍ മൂന്ന് മെഗാപിക്‌സല്‍ ക്യാമറയാണുള്ളതെങ്കില്‍ ഫെയിമില്‍ ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും വി.ജി.എ. ഫ്രണ്ട് ക്യാമറയുമുണ്ട്.
ഡ്യുവല്‍-സിം സൗകര്യത്തോടു കൂടിയുള്ളതാണ് രണ്ടു മോഡലുകളും. ഒരു സിമ്മില്‍ ത്രിജി ഡാറ്റ ഉപയോഗിക്കുമ്പോള്‍ തന്നെ മറ്റേ സിമ്മില്‍ വരുന്ന കോളുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് ഡ്യുവല്‍ സിം സംവിധാനമാണ് രണ്ടു ഫോണുകളിലുമുള്ളത്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഉപയോഗിക്കാനുള്ള സൗകര്യം, 3.5 എം.എം. ഓഡിയോ ജാക്ക്, ത്രിജി, വൈഫൈ ഡയറക്ട്, ബ്ലൂടുത്ത് എന്നീ സംവിധാനങ്ങള്‍ രണ്ടു മോഡലുകളിലുമുണ്ട്. ഗാലക്‌സി യങില്‍ 768 എം.ബി. റാം ആണെങ്കില്‍ ഗാലക്‌സി ഫെയിമില്‍ 512 എം.ബി. റാം ആണുള്ളത്. 1300 എം.എ.എച്ച്. ബാറ്ററിയാണ് രണ്ടു മോഡലുകള്‍ക്കും ഊര്‍ജ്ജം പകരുന്നത്.
വൈറ്റ്, ബ്ലൂ, റെഡ്, മെറ്റാലിക് സില്‍വര്‍ നിറങ്ങളിലാണ് ഗാലക്‌സി യങിന്റെ വരവ്. വൈറ്റ്, മെറ്റാലിക് ബ്ലൂ നിറങ്ങളില്‍ മാത്രമേ ഗാലക്‌സി ഫെയിം ലഭിക്കുകയുള്ളൂ.
രണ്ടു മോഡലുകളുടെയും വില എത്രയാണെന്നോ എന്നു മുതല്‍ വിപണിയില്‍ ലഭിച്ചുതുടങ്ങുമെന്നോ സാംസങ് ഇതുവരെ വെളിപ്പെടുത്തിയില്ല. മാര്‍ച്ച് മാസം മുതല്‍ സാധനം കടകളില്‍ ലഭിച്ചുതുടങ്ങുമെന്നാണ് സൂചന. മോഡലുകളുടെ സ്‌പെസിഫിക്കേഷനും സ്‌ക്രീന്‍ വലിപ്പവും വച്ചുനോക്കുകയാണെങ്കില്‍ വില പതിനായിരത്തില്‍ താഴെയായിരിക്കുമെന്ന് ചില ടെക് പണ്ഡിതന്‍മാര്‍ പ്രവചിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.