Latest News

മാലിന്യകേന്ദ്രത്തിലെ പുക ശ്വസിച്ച് നാലു കുട്ടികള്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിന് തീയിട്ടത് നാട്ടില്‍ ദുരിതംവിതച്ചു. വിഷപ്പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട നാലു കുട്ടികളെ പ്രാഥമിക ചികില്‍സയ്ക്ക് വിധേയമാക്കി.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും യുവജനസംഘടനകളും നഗരസഭാ ഓഫിസ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ജില്ലാഭരണകൂടം ഇടപെട്ടു. കഴിഞ്ഞ 26നാണ് ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യകൂമ്പാരത്തിന് തീപ്പിടിച്ചത്. ട്രാക്റ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നതെങ്കിലും രോഷാകുലരായ നാട്ടുകാര്‍ ഇതിനെ തള്ളിക്കളഞ്ഞു.
നഗരസഭ അധികൃതരുടെ ഒത്താശയോടെ ആസൂത്രിതമായാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ക്ക് തീയിട്ടെന്നതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. 26ന് വൈകുന്നേരം തന്നെ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചെങ്കിലും തുടര്‍ന്നു തീ പടരുകയായിരുന്നു.
തീ കൂടുതല്‍മാലിന്യകൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് ബാധിച്ചിട്ടുണെ്ടന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞത്. പുകപടര്‍ന്നു സമീപപ്രദേങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ സമീപപ്രദേശത്തെ ജി.എച്ച്.എസ് ബല്ല, ക്രൈസ്റ്റ് ടി.ഐ.എം പബ്ലിക് സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. നാട്ടുകാരും യുവജനസംഘടനകളും നഗരസഭാ കാര്യാലയം ഉപരോധിച്ചതിനേതുടര്‍ന്നു ജില്ലാഭരണകൂടം അടിയന്തരമായി ഇടപ്പെട്ടു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അടിയന്തരം യോഗം ചേര്‍ന്നു.
ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഉണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.