Latest News

തകര്‍ത്ത് പെയ്ത കുംഭ മഴ ആശ്വാസത്തോടൊപ്പം കനത്ത നാശവും വരുത്തി

കാസര്‍കോട്: അപ്രതീക്ഷിതമായി തകര്‍ത്ത് പെയ്ത കുംഭ മഴ ആശ്വാസത്തോടൊപ്പം കനത്ത നാശവും വരുത്തി. കാര്‍ഷിക മേഖലയിലാണ് ഏറെ നാശം വിതച്ചത്. ഉണങ്ങാനിട്ട അടക്കയും കൊപ്രയും കുരുമുളകും മഴയില്‍ നനഞ്ഞു കുതിര്‍ന്നു. പലയിടത്തും മതിലിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധവും തകരാറിലായി.
നിര്‍മാണ മേഖലയിലും മഴ നാശം വിതച്ചു. കോണ്‍ക്രീറ്റ് ചെയ്യാനായി കൊണ്ടുവെച്ച സിമന്റ് അപ്രതീക്ഷിതമായ മഴയില്‍ നനഞ്ഞാണ് പലയിടത്തും നാശമുണ്ടായത്. കോണ്‍ക്രീറ്റ് കഴിഞ്ഞപാടെ മഴ തകര്‍ത്തുപെയ്തതിനാല്‍ പലസ്ഥലത്തും കോണ്‍ക്രീറ്റ് ഒലിച്ചുപോയും നാശമുണ്ടായി. തളങ്കര പള്ളിക്കാലിലെ ഫിറോസിന്റെ പറമ്പിന്റെ മതില്‍ മഴയില്‍ ഇടിഞ്ഞു.
നഗരത്തില്‍ അഴുക്കുവെള്ളം കെട്ടിനിന്നതും ദുരിതമായി. ഓടകള്‍ അടഞ്ഞ് കിടന്നതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായത്. റോഡ് ടാറിങ് നടക്കുന്ന സ്ഥലത്തും മഴ വില്ലനായി.
ചുട്ടുപൊള്ളുന്ന വേനലില്‍ ലഭിച്ച മഴ കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നു. കൃഷി നനയ്ക്കാന്‍ വെള്ളമില്ലാതെ കവുങ്ങും പച്ചക്കറികളും മറ്റും ഉണങ്ങിക്കരിയുന്ന സാഹചര്യത്തല്‍ ലഭിച്ച മഴയെ അനുഗ്രഹമായാണ് കര്‍ഷകര്‍ കാണുന്നത്. വര്‍ഷങ്ങളായി കുംഭ മാസത്തില്‍ മഴ പെയ്യാറില്ല. ഈ വര്‍ഷം കുംഭത്തില്‍ മഴ ലഭിച്ചത് ഐശ്വര്യത്തിന്റെ സൂചനയായി കര്‍ഷകര്‍ കരുതുന്നു. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ് എന്നൊരു പഴഞ്ചൊല്ല് തന്നെ മലയാളത്തിലുണ്ട്. കുടിവെള്ള ക്ഷാമം മാറ്റാനും മഴ അനുഗ്രഹമായിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകാനാണ് സാധ്യതയെന്ന് പ്രായമായവര്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.