Latest News

ഇടംകൈയര്‍ക്കും ഇഷ്ടപ്പെടും, കാനണ്‍ പവര്‍ഷോട്ട് എന്‍

ചതുര ഡിസൈന്‍, മടക്കിവെയ്ക്കാവുന്ന സ്‌ക്രീന്‍, ലെന്‍സിന് ചുറ്റുമുള്ള വലയങ്ങളുടെ സഹായത്തോടെ ഷട്ടറും സൂമും നിയന്ത്രിക്കാനുള്ള സൗകര്യം, ക്രിയേറ്റീവ് ഷോട്ട് മോഡ്. വെറും 6 X 8 വലിപ്പം മാത്രമുള്ള പവര്‍ഷോട്ട് എന്‍ (PowerShot N) ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറയല്ലെന്ന് കാനണ്‍ കമ്പനി പറയുന്നു.
സ്മാര്‍ട്ട്‌ഫോണുകളുടെ ചങ്ങാതിയായി അതിന് പ്രവര്‍ത്തിക്കാനാകും. 'മൊബൈല്‍ ഡിവൈസ് കണക്ട്' ബട്ടന്റെ സഹായത്തോടെ, മൊബൈലുമായോ ടാബ്‌ലറ്റുമായോ വൈഫൈ വഴി ബന്ധിപ്പിച്ച് ക്യാമറയിലെടുത്ത ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനും, സോഷ്യന്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അനായാസം പങ്കുവെയ്ക്കാനും കഴിയും.
അടുത്തയിടെ ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പവര്‍ഷോട്ട് എന്‍ ക്യാമറയ്ക്ക് സാധിച്ചത് വെറുതെയല്ല. ഇടംകൈയര്‍ക്കും വലംകൈയര്‍ക്കും ഒരുപോലെ ഉപയോഗിക്കാം എന്നത് ഈ ക്യാമറയുടെ സവിശേഷതയാണ്.
ഒരു ദൃശ്യം പകര്‍ത്തുമ്പോള്‍ അതിന്റെ മിഴിവും ദൃശ്യചാരുതയും വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ആരായാന്‍ ക്രിയേറ്റീവ് ഷോട്ട് മോഡ് സഹായിക്കും. അത്തരം സാധ്യതകള്‍ ഉപയോഗിച്ച് ദൃശ്യത്തിന്റെ ഭംഗി വര്‍ധിപ്പിക്കുകയുമാകാം. വ്യത്യസ്തമായ ഒരു ആംഗിളിലാണ് ദൃശ്യം നന്നാവുക എങ്കില്‍, അതും ക്രിയേറ്റീവ് ഷോട്ട് മോഡ് നിര്‍ദേശിക്കും. ഇതിന്റെ സഹായത്തോടെ, യഥാര്‍ഥ ഷോട്ടിന്റെ അഞ്ച് വ്യത്യസ്ത പതിപ്പുകള്‍ ഓട്ടോമാറ്റിക്കായി സൃഷ്ടിക്കപ്പെടും.
ഡിജിറ്റല്‍ ഫില്‍റ്ററുകളുടെ സാധ്യതയും ദൃശ്യചാരുത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാം. മിനിയേച്വര്‍ ഇഫക്ട്, സോഫ്റ്റ് ഫോക്കസ്, ടോയ് ക്യാമറ ഇഫക്ട്, മോണോക്രോം തുടങ്ങിയവ ഡിജിറ്റല്‍ ഫില്‍റ്ററുകളുടെ സഹായത്തോടെ ദൃശ്യങ്ങളില്‍ സന്നിവേശിപ്പിക്കാം. കൂടാതെ, സൂപ്പര്‍ സ്ലോ മോഷന്‍ മൂവി മോഡ് വേറെയും.
ഹൈബ്രിഡ് ഓട്ടോ മോഡ് (Hybrid Auto mode) എന്ന ഫീച്ചറും ഈ ചെറുക്യാമറയില്‍ കാനണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങ് മോഡ് മെനു സ്‌ക്രീനില്‍ നിന്ന് അനായാസം തിരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ഈ മോഡ് ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍, ഓരോ ഷോട്ടിനും മുമ്പുള്ള നാല് സെക്കന്‍ഡ് ഫൂട്ടേജ് 720പി വീഡിയോ ആയി ക്യാമറ റിക്കോര്‍ഡ് ചെയ്യുന്നു. ആ 'പിന്നാമ്പുറ കഥ' ഉപയോഗിച്ച്, ആ ദിവസത്തെ മികച്ച സെറ്റിങ്‌സിലുള്ള ദൃശ്യങ്ങള്‍ ഏതായിരുന്നു എന്ന് സെലക്ട് ചെയ്യാന്‍ ക്യാമറ സഹായിക്കും.
ക്യാമറയുടെ മടക്കിവെയ്ക്കാവുന്ന സ്‌ക്രീന്‍ ഉപയോഗിച്ച്, സ്റ്റാന്‍ഡ് ഇല്ലാതെയും ഒരു പ്രതലത്തില്‍ നിശ്ചലമായി വെച്ച് ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ കഴിയും. 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ വഴിയും ഫോക്കസ്, ഷട്ടര്‍ തുടങ്ങിയവ നിയന്ത്രിക്കാവുന്നതാണ്.
പവര്‍ഷോട്ട് എന്‍ ഉപയോഗിച്ച് മോണോ സൗണ്ടോടുകൂടി 1080പി ഫുള്‍ എച്ച്.ഡി.വീഡിയോ പിടിക്കാം. 8X ഓപ്ടിക്കല്‍ സൂം ആണ് ക്യാമറയിലുള്ളത്. കാനണിന്റെ സൂം പ്ലസ് സങ്കേതം വഴി ഇത് 16X വരെ ഉയര്‍ത്താം. 12.1 മില്ല്യണ്‍ പിക്‌സല്‍ CMOS സെന്‍സറും ഡിജിക് 5 പ്രൊസസറുമാണ് ക്യാമറയിലുള്ളത്.
അമേരിക്കയില്‍ 299.99 ഡോളര്‍ (ഏതാണ്ട് 16,000 രൂപ) വില വരുന്ന പവര്‍ഷോട്ട് എന്‍ അടുത്ത ഏപ്രിലില്‍ വില്‍പ്പനയ്‌ക്കെത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.