Latest News

"പ്രിയപ്പെട്ട നബി" കാമ്പയിന്‍ സമാപിച്ചു

തിരൂര്‍ : മതപണ്ഡിതന്മാര്‍ സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അന്ത്യപ്രവാചകന്‍ മുഹമ്മ് നബിയെ പോലെ രംഗത്ത് വരണമെന്ന് ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ. ഇമാംസ് കൗണ്‍സിലിന്റെ പ്രിയപ്പെട്ട നബി കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി ശബ്ദിച്ച പ്രവാചകന്റെ അനന്തരാവകാശികളാണ് മതപണ്ഡിതന്മാര്‍. പീഡിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. അകാരണമായി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനത്തിന് വേണ്ടി മതപണ്ഡിതന്മാര്‍ രംഗത്തിറങ്ങണം. അനീതികള്‍ക്കെതിരെ പടവാളുയര്‍ത്തിയ അന്ത്യപ്രവാചകന്റെ അനുയായികളും അനന്തരാവകാശികളുമാണെന്ന കാര്യം വിസ്മരിക്കരുത്. മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ജന്തുക്കളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും മുഹമ്മദ് നബി പ്രവര്‍ത്തിച്ചിരുന്നു. മതപണ്ഡിതന്മാര്‍ സത്യം പറയാന്‍ ഭയക്കുന്നതാണ് സാമൂഹ്യതിന്മകള്‍ അധികരിക്കാന്‍ കാരണം അഴിമതിക്കും കൈകൂലിക്കുമെതിരെ പടനയിക്കാന്‍ കാലഘട്ടം പണ്ഡിതന്മാരോട് ആവശ്യപ്പെടുകയാണ്. ആരേയും ഭയക്കാതെ താല്‍പര്യങ്ങള്‍ക്ക് അടിപ്പെടാതെ ആ ഉത്തരവാദിത്വം മതപണ്ഡിതന്മാര്‍ നിര്‍വ്വഹിക്കണം അദ്ദേഹം പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ അക്രമമുണ്ടായപ്പോഴെല്ലാം പാര്‍ലമെന്റില്‍ ഖായിദേ മില്ലത്തും, സേട്ടുസാഹിബും, ബനാത്ത് വാലയും ശക്തമായി സംസാരിച്ചിരുന്നു. ഇന്നത്തെ നേതാക്കള്‍ അങ്ങനെ ചെയ്യുന്നില്ല. അതിനാലാണ് മഅ്ദനി ഉള്‍പ്പെടെ ആയിരകണക്കിന് നിരപരാധികള്‍ ജയിലില്‍ കഴിയേണ്ടി വരുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കുന്നത് മൂലായം സിങിന്റെയും മായാവതിയുടെയും പാര്‍ട്ടികളാണ്. അധികാര നഷ്ടം ഭയപ്പെട്ടാണ് പലരും സമുദായത്തിന്റെ കാര്യം വിസ്മരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.
സമാപന സമ്മേളനത്തില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സഈദ് മദനി അദ്ധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാദത്ത് മാസ്റ്റര്‍ സംസ്ഥാന സമിതിയംഗം സലീം കരമന, എ.കെ. അബ്ദുല്‍ മജീദ്, വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ യൂനിവേഴ്‌സിറ്റി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിമാരായ നിസാര്‍ മൗലവി, അബ്ദുറഹിമാന്‍ ഫൈസി കടവല്ലൂര്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ മൗലവി, മാധ്യമ പ്രവര്‍ത്തകനായ കീപ്പള്ളി ശ്രീകുമാര്‍ സംസാരിച്ചു. സംസ്ഥാന തല കാമ്പയിന്‍ പ്രബന്ധരചനാ മത്സര വിജയികളായ ടി. ഹബീബ് റഹ്മാന്‍ മഞ്ചേരി, മഹബൂബ് നന്തി എന്നിവര്‍ക്ക് സാദത്ത് മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി. പ്രവാചകനെക്കുറിച്ചുള്ള സി.ഡി. മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ കീപ്പള്ളി ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. മൂവാറ്റുപുഴ അഷറഫ് മൗലവി പ്രിയപ്പെട്ട നബിയെക്കുറിച്ച് പ്രഭാഷണം നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.