Latest News

ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റ വിവാദം : തളിപ്പറമ്പില്‍ സംഘര്‍ഷം, ശിഹാബ് തങ്ങള്‍ ട്രസ്റ്റും കടകളും തകര്‍ത്തു

തളിപ്പറമ്പ്: ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ മൊഴിമാറ്റത്തെ ചൊല്ലിയുള്ള വിവാദം അക്രമത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫിസും കടകളും തകര്‍ത്തു. വാര്‍ത്താ സമ്മേളനത്തിനെത്തിയ ട്രസ്റ്റ് ഭാരവാഹികളെ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചു. തിങ്കളാഴ്ച രാവിലെ 11 ഓടെയാണു സംഭവം.
മൊഴിമാറ്റത്തിനു പിന്നില്‍ ലീഗ് നേതാവാണെന്നാരോപിച്ചു നേതൃത്വത്തിനു പരാതി നല്‍കിയ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരേ മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. ട്രസ്റ്റ് ഭാരവാഹികളും വ്യപാരിയുമാണ് ഇതിനു പിന്നിലെന്നാണ് ലീഗിന്റെ ആരോപണം. ഈ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് ട്രസ്റ്റ് ഭാരവാഹികള്‍ തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് അക്രമങ്ങളുണ്ടായത്.
ട്രസ്റ്റ് ഭാരവാഹികളായ കെ പി മുഹമ്മദ് അശ്‌റഫ്, കെ വി സലാം ഹാജി, അഡ്വ. കുട്ടുക്കന്‍ മൊയ്തു, പി പി ഉമര്‍, സി പി സിദ്ദീഖ് എന്നിവരാണു വാര്‍ത്താ സമ്മേളനത്തിനെത്തിയത്. വിവരമറിഞ്ഞ ലീഗ് പ്രവര്‍ത്തകര്‍ നഗരസഭാ ബസ്്സ്റ്റാന്റ് കോംപ്ലക്‌സിലെ ഓഫിസിന് താഴെ ദേശീയപാതയോരത്തു തമ്പടിച്ചു. വാര്‍ത്താ സമ്മേളനം കഴിഞ്ഞെങ്കിലും ഇവര്‍ക്കു പുറത്തിറങ്ങാനായില്ല. അക്രമാസക്തരായ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലിസ് ലീഗ് നേതാക്കളെ സമീപിച്ചെങ്കിലും നടന്നില്ല. അക്രമം ഉറപ്പായതോടെ ഇവരെ ഓഫിസില്‍ ഇരുത്തിയശേഷം ഡിവൈ.എസ്.പി കെ എസ് സുദര്‍ശന്‍, സി.ഐ എ വി ജോണ്‍ എന്നിവര്‍ പ്രവര്‍ത്തകരുമായി സംസാരിച്ചെങ്കിലും പിരിഞ്ഞുപോയില്ല. കൂടുതല്‍ പോലിസ് സംഘവും ദ്രുതകര്‍മസേനയും എത്തിയാണു ട്രസ്റ്റ് ഭാരവാഹികള്‍ പുറത്തിറങ്ങിയത്.
ഇതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തമായതിനെ തുടര്‍ന്നു പോലിസ് ലാത്തി വീശി. ട്രസ്റ്റ് ഓഫിസിലുള്ള മൊബൈല്‍ ഫ്രീസര്‍, എയര്‍കണ്ടീഷനര്‍, ടെലിവിഷന്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ പൂര്‍ണമായും നശിപ്പിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്തു വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
അതിനിടെ, സാക്ഷികളെ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കാരണത്തിനു തളിപ്പറമ്പിലെ പ്രാദേശിക ലീഗ് നേതാക്കളും ട്രസ്റ്റ് ഭാരവാഹികളുമായ കെ പി സലാം ഹാജി, കെ വി അശ്‌റഫ്, പി വി ആമിര്‍ അലി, കെ പി അശ്‌റഫ്, കെ വി അശ്‌റഫ്, മുസ്തഫ കുറ്റേരി, അഡ്വ. പി മുഹമ്മദ് ഹനീഫ് എന്നിവരെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തതായി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.