Latest News

വിദ്യാര്‍ഥിനി പീഡനത്തിനിരയായി: നടപടി സ്വീകരിച്ച അധ്യാപികയ്ക്കു ഹൈക്കോടതിയുടെ പ്രശംസ

കൊച്ചി: വിദ്യാര്‍ഥിനി സ്വന്തം പിതാവിനാല്‍ പീഡനത്തിന് ഇരയായതു കണ്െടത്തി ഉചിതമായ നടപടി സ്വീകരിച്ച അധ്യാപികയ്ക്കു ഹൈക്കോടതിയുടെ പ്രശംസ. കണ്ണൂര്‍ തെര്‍ത്തള്ളി മേരി ഗിരി ഹൈസ്കൂള്‍ അധ്യാപിക ബിന്ദു തോമസിനെയാണു കോടതി പ്രശംസിച്ചത്.
10ാം ക്ളാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് കെ ജെ ഇമ്മാനുവലെന്ന ജെയിംസിനെ കീഴ്ക്കോടതി ശിക്ഷിച്ചതിനെതിരേയുള്ള അപ്പീലാണ് ജസ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, എ വി രാമകൃഷ്ണപിളള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പ്രതിയുടെ മൂത്ത മകളെ 2002ല്‍ മൂന്നാംക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ 2008 വരെ നിരവധിതവണ പീഡനത്തിനിരയാക്കിയെന്നാണു കേസ്. ക്ളാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കുട്ടിയെ ശ്രദ്ധിച്ച അധ്യാപികയ്ക്കു കിട്ടിയ ഒരു കുറിപ്പിനെ തുടര്‍ന്നാണു സംഭവം പുറത്താവുന്നത്. സ്പെഷ്യല്‍ ക്ളാസുണ്െടന്ന് അമ്മയോടു പറഞ്ഞ് വീട്ടില്‍ നിന്ന് ആശുപത്രിയില്‍ പോവാന്‍ വരണമെന്ന അച്ഛന്റെ കുറിപ്പാണ് അധ്യാപികയ്ക്കു കുട്ടിയില്‍ നിന്നു ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ അധ്യാപിക വിദ്യാര്‍ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്് അവരുടെ അനുമതിയോടെ ചൈല്‍ഡ് ലൈനില്‍ കുട്ടിയെ എത്തിക്കുകയും പിതാവിനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ചൈല്‍ഡ്ലൈന്‍ കോ-ഓഡിനേറ്റര്‍ മുഖേന നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. തുടര്‍ന്നു 2009 ഫെബ്രുവരി 20ന് അറസ്ററിലായ ഇയാള്‍ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്ത്യം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരേയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കേസില്‍ പെണ്‍കുട്ടിയുടെ അധ്യാപികയുടെ ഇടപെടല്‍ മറ്റ് അധ്യാപകരും മാതൃകയാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളുമായി ഇടപഴകി അഭിനന്ദനാര്‍ഹമായ നടപടികള്‍ കൈക്കൊള്ളണം. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കണ്െടത്തി ഉചിതമായ നടപടി യഥാസമയം സ്വീകരിക്കാന്‍ അധ്യാപകര്‍ക്കു കഴിയണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്ന് ചൈല്‍ഡ്ലൈന്‍ നടത്തുന്ന പ്രൊജക്റ്റുകള്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കേണ്ടതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. കോടതിയുടെ ഉത്തരവ് കണ്ണൂര്‍ ജില്ലാ കലക്ടര്‍, കണ്ണൂര്‍ ഡി.ഇ.ഒ, സ്കൂള്‍ മാനേജ്മെന്റ് എന്നിവരെ അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്നാം ക്ളാസ് മുതല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കഠിനമായ യാതനകള്‍ സഹിച്ചിട്ടുണ്െടന്നും പ്രതിയെ ഭയന്നു സംഭവം മറയ്ക്കുകയായിരുന്നുവെന്നും വിലയിരുത്തിയ കോടതി പ്രതിയുടെ അപ്പീല്‍ തള്ളി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.