Latest News

കലോത്സവങ്ങള്‍ മതേതരത്വത്തിന് കരുത്തുപകരും -പി.കരുണാകരന്‍ എം.പി

കാഞ്ഞങ്ങാട്:കലോത്സവങ്ങള്‍ മതേതരത്വത്തിന് കരുത്തുപകരുമെന്ന് പി.കരുണാകരന്‍ എം.പി. അഭിപ്രായപ്പെട്ടു. ഓരോ കലോത്സവങ്ങള്‍ കഴിയുമ്പോഴും കുട്ടികള്‍ തമ്മിലുള്ള സൗഹൃദത്തിന് മാറ്റു കൂടും. ഇത് വിദ്യാലയമതില്‍ക്കെട്ടിനപ്പുറത്തേക്ക് വളര്‍ന്ന് നാടിന്റെ കൂട്ടായ്മയിലേക്കുമെത്തുന്നു. വര്‍ഗീയശക്തികളെ തടയുന്നതിലും കലോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സ്‌കൂള്‍തലത്തിലായാലും കോളേജ് മേഖലയിലായാലും ത്രിതല പഞ്ചായത്ത് തലങ്ങളിലായാലും കേരളം കലോത്സവങ്ങള്‍ക്കു നല്കുന്നത് വലിയ പ്രാധാന്യമാണ്. ഇവിടെ വര്‍ഗീയശക്തികള്‍ക്ക് വേരുറപ്പിക്കാനാകാത്തതിന്റെ ഒരു കാരണവും ഇതാണ്. കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.
സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ അധ്യക്ഷനായി. നടന്‍ ബാല മുഖ്യാതിഥിയായിരുന്നു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ എം.പി.ഹസീന താജുദ്ദീന്‍, കൗണ്‍സിലര്‍ എച്ച്.ശിവദത്ത്, സര്‍വകലാശാലാ വിദ്യാര്‍ഥിക്ഷേമവിഭാഗം ഡയറക്ടര്‍ വി.എസ്. അനില്‍കുമാര്‍, എ.കെ.നാരായണന്‍, മടിക്കൈ കമ്മാരന്‍, കെ.മുഹമ്മദുകുഞ്ഞി, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.വി.രാമകൃഷ്ണന്‍, നിത്യാനന്ദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാലാ യൂണിയന്‍ ജന. സെക്രട്ടറി രതീഷ് രാജു സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ ഷാലു മാത്യു നന്ദിയും പറഞ്ഞു. ചടങ്ങില്‍ സര്‍വകലാശാലാ തളാപ്പ് കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മിനുക്ക്' പത്രത്തിന്റെ പ്രകാശനവും നടന്നു. ഉത്ഘാടനച്ചടങ്ങിന് മുന്നോടിയായി നൃത്തശില്പവും നടന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.