Latest News

താമരശേരി താലൂക്ക് പ്രഖ്യാപനം: പ്രതീക്ഷയോടെ മലയോരമേഖല

താമരശേരി: താമരശേരി ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലയോര മേഖലയ്ക്ക് ആശ്വാസമായി. ബുധനാഴ്ച നിയമസഭയില്‍ നടന്ന ബഡ്ജറ്റ് ചര്‍ച്ചക്കിടെയാണ് ധനമന്ത്രി കെ.എം. മാണി താമരശേരി ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. മലയോരമേഖലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന താലൂക്ക് രൂപീകരണ പ്രഖ്യാപനത്തെ വിവിധ പാര്‍ട്ടികളും സംഘടനകളും സ്വാഗതം ചെയ്തു.
താമരശേരി, ഉണ്ണികുളം, കട്ടിപ്പാറ, ഓമശേരി, കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി, നരിക്കുനി, ചാത്തമംഗലം, മുക്കം, കാരശേരി, പനങ്ങാട്, കിഴക്കോത്ത്, കൂടരഞ്ഞി, കൊടിയത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളാണ് താമരശേരി താലൂക്കില്‍ ഉള്‍പ്പെടുക.
കോഴിക്കോട് താലൂക്ക് വിഭജിച്ച് മലയോര മേഖലയില്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താലൂക്ക് ആസ്ഥാനം എവിടെ വേണമെന്നുള്ള വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് താമരശേരിയെ പരിഗണിച്ചത്. താലൂക്ക് രൂപീകരിക്കുമ്പോള്‍ ആസ്ഥാനം എവിടെ വേണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ ഘട്ടങ്ങളിലായി നിയോഗിച്ച മിനി മാത്യു, ബാബു പോള്‍ കമ്മീഷനുകളെല്ലാം താമരശേരിയാണ് ആസ്ഥാനത്തിന് അനുയോജ്യമെന്ന റിപ്പോര്‍ട്ടാണ് നല്കിയത്. താലൂക്ക് ആസ്ഥാനമാവുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദന്‍, വികസനകാര്യ സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി. മുഹമ്മദ്, ഹബീബ് തമ്പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിനിടെ പുതിയ താലൂക്കിന്റെ ആസ്ഥാനം കൊടുവള്ളിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. കൊടുവള്ളിയെ അവണിച്ചതില്‍ പ്രതിഷേധിച്ച് ടൗണില്‍ പ്രകടനവും പൊതുയോഗവും നടന്നു.
സമീപ പഞ്ചായത്തുകളായ കിഴക്കോത്ത്, നരിക്കുനി, മടവൂര്‍, ഓമശേരി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ­റഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.