Latest News

ഇടുക്കിയില്‍ കൊക്കയിലേക്ക് ബസ് മറിഞ്ഞ് അപകടം; മരണം എട്ടായി

ഇടുക്കി: തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു കൊടൈക്കനാല്‍ സന്ദര്‍ശിച്ചശേഷം മൂന്നാറിലേക്കു വന്ന വിദ്യാര്‍ഥികളുടെ വിനോദസഞ്ചാര ബസ് രാജാക്കാട്ടുനിന്നു നാലുകിലോമീറ്റര്‍ അകലെ തേക്കിന്‍കാനം എസ് വളവ് രണ്ടില്‍ മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. 37 പേര്‍ക്കു പരിക്കേറ്റു. ഒരു പെണ്‍ കുട്ടിയടക്കം ഏഴു വിദ്യാര്‍ഥികളും ബസ് ക്ലീനറുമാണു മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സാരാഭായി വിക്രം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അവസാനവര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളും രണ്ടു രക്ഷിതാക്കളും മൂന്നു ബസ് ജീവനക്കാരുമാണു ബസിലുണ്ടായിരുന്നത്.
തിരുവനന്തപുരം സ്വദേശികളായ പേരയം വിശ്വപുരത്തില്‍ ശ്രീമംഗലം വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ എസ്. ഹേമന്ത് കുമാര്‍(22), കവടിയാര്‍ ജവഹര്‍നഗര്‍ റോഡില്‍ എസ്എസ്‌കെ ലൈനില്‍ ഭഗവതിമന്ദിരത്തില്‍ രാജുവിന്റെ മകന്‍ വിഘ്‌നേശ് (21), നന്തന്‍കോട് കനകനഗറില്‍ ടി.സി 11 / 445 (1) മഴവില്‍ വീട്ടില്‍ എ.ജെ. പോളിന്റെ മകന്‍ ജിതിന്‍ ജോണ്‍പോള്‍ (21), കഴക്കൂട്ടം പള്ളിനട കുറ്റിവിളാകത്ത് വീട്ടില്‍ രാജപ്പന്റെ മകനും ബസിന്റെ ക്ലീനറുമായ രാജ്കുമാര്‍ (25), കൊല്ലം സ്വദേശി ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ ശ്രീജേഷ് ഭവനില്‍ ശ്രീധരന്‍ നമ്പൂതിരിയുടെ മകന്‍ ശ്രീജേഷ് (22), എറണാകുളം സ്വദേശികളായ കളമശേരി വിടാക്കുഴ എകെജി കോളനിയില്‍ കുറ്റാലത്ത് ചന്ദ്രന്റെ മകന്‍ ഷൈജു (22), അമ്പലമുകള്‍ കുഴിക്കാട് കരുവേലില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍നായരുടെ മകന്‍ ശരത്ചന്ദ്രന്‍(22), കണ്ണൂര്‍ സ്വദേശി നടുവില്‍ ഉത്തൂര്‍ താഴത്തുണ്ടിയില്‍ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (21) എന്നിവരാണു മരിച്ചത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി, അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ തിരുവ നന്തപുരം സ്വദേശി ശ്രീജിത്തിനെ(26) കോട്ടയം മെഡി ക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.

കൊടൈക്കനാല്‍-മൂന്നാര്‍ ഗ്യാപ് റോഡിന്റെ പുനര്‍നിര്‍മാണം നടക്കുന്നതുമൂലം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നതിനാല്‍ മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ രാജാക്കാട് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഇതുമൂലമാണു വിനോദയാത്രാസംഘം രാജകുമാരിയിലെത്തി രാജാക്കാട്, കുഞ്ചിത്തണ്ണിവഴി പോകാനിടയായത്. രാജാക്കാട്ടുനിന്നു കുഞ്ചി ത്തണ്ണിവരെ യുള്ള വഴിയില്‍ അപകടം പതിയിരിക്കുന്ന പല കൊടുംവളവുകളുണ്ട്. രാജാക്കാട്ടുനിന്നുള്ള രണ്ടാമത്തെ വളവിലാണു ദുരന്തമുണ്ടായത്. വളവും ഇറക്കവും മനസിലാക്കാന്‍ കഴിയാതെ വാഹനം നിയന്ത്രണംവിട്ടു 40 അടിയോളം താഴ്ചയിലുള്ള റോഡിലേക്കു മറിയുകയായിരുന്നു.

മുന്‍ഭാഗം കുത്തിമറിഞ്ഞ ബസ് വശത്തേക്കാണു മറിഞ്ഞത്. ക്ലീനര്‍ ഉള്‍പ്പെടെ നാലുപേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് അറിയുന്നത്. റോഡില്‍നിന്നു വാ ഹനം ബ്രേക്കിട്ടതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. വളവും ഇറക്കവും സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.

ഉച്ചകഴിഞ്ഞു പന്ത്രണേ്ടമുക്കാലോടെയാണ് അപകടമുണ്ടായത്. ഉടന്‍ രാജാക്കാട്ടുനിന്നും മറ്റുസമീപപ്രദേശങ്ങളില്‍നിന്നുമുള്ള നൂറുകണക്കിന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണു മരണസംഖ്യ കുറഞ്ഞത്. രാജാക്കാട്, വെള്ളത്തൂവല്‍ പോലീസും ഫയര്‍ ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ജെസിബി ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയാണ് ഏതാനുംപേരെ പുറത്തെടുത്തത്.

ഹേമന്ത്കുമാറിന്റെ മാതാവ് :ഗീത. സഹോദരി ഗ്രീഷ്മ. വിഘ്‌നേഷിന്റെ മാതാവ് താര. സഹോദരന്‍ വൈശാഖ്. ജിതിന്‍ ജോണ്‍പോളിന്റെ മാതാവ് മേരിയത്‌ന (വെള്ളനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍) സഹോദരങ്ങള്‍: ജീഷ്മ, ജിബിന്‍. ശ്രീജേഷിന്റെ മാതാവ്: പരേതയായ കോമളവല്ലി. സഹോദരന്‍: ശ്രീജിത്ത്. ഷൈജുവിന്റെ മാതാവ്: ജിജി. സഹോദരിമാര്‍: ഷീജ, ഷിനി, ഷീന. ശരത് ചന്ദ്രന്റെ അമ്മ: സതിദേവി. സഹോദരങ്ങള്‍: മീര ചന്ദ്രന്‍ (ലണ്ടന്‍), നീരജ ചന്ദ്രന്‍ (ചെന്നൈ). മഞ്ജുവിന്റെ മാതാവ്: സുശീല. ഏകസഹോദരി: സിഞ്ചു.
Update

(വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകളായ 04864 222145, 9497962425, 9497990054 എന്നിവയിലേക്ക് വിളിക്കാം.)

ഇടുക്കി രാജാക്കാട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.