നഗരത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയുടെ അടിസ്ഥാനം പശ്ചാത്തല വികസനമാണെന്ന് മനസിലാക്കി ഈ മേഖലക്ക് മുന്തിയ പരിഗണനയാണ് ബഡ്ജറ്റില്‍ നല്‍കിയിട്ടുള്ളത്. വികസന പാതയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന അലാമിപ്പള്ളി ബസ്സ്റ്റാന്റ് ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒമ്പതര കോടി രൂപ നീക്കിവെച്ചു. അലാമിപ്പള്ളിയില്‍ ബസ്സ്റ്റാന്റ് വികസനം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 6 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. വിവിധ വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.6 കോടി രൂപയും പൊതുപ്രവര്‍ത്തികള്‍ക്കായി 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. അടിയന്തിര റോഡ് റിപ്പയര്‍ പ്രവര്‍ത്തികള്‍ക്ക് 75 ലക്ഷം രൂപ, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 21.5 ലക്ഷം രൂപ, തെരുവ് വിളക്കുകളുടെ പരിപാലനത്തിന് 24 ലക്ഷം രൂപ, കെഎസ്ടിപി റോഡ് വികസനം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ട്രാഫിക് സിഗ്‌നല്‍ സിസ്റ്റത്തിന് 10 ലക്ഷം രൂപ, നഗരസഭയുടെ ഭാവി വികസനം സംബന്ധിച്ച് ശാസ്ത്രീയമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ, പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 19.50 ലക്ഷം രൂപയും വകയിരുത്തി.
ഇതിന് പുറമെ എംപി, എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട്, പ്രകൃതിക്ഷോഭ വരള്‍ച്ച, ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതി, ഫിഷറീസ് ഗ്രാന്റോടെയുള്ള മരാമത്ത് പ്രവര്‍ത്തികള്‍, വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു കോടി രൂപ മാറ്റിവെച്ചു. 86 പേര്‍ക്ക് വീട് റിപ്പയര്‍ പ്രവര്‍ത്തികള്‍ക്കായി 17.2 ലക്ഷം രൂപ ധനസഹായമായി നല്‍കും. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ഭൂമി വാങ്ങാന്‍ 18 ലക്ഷം രൂപയും അനുവദിച്ചു. അംഗണ്‍വാടികളിലെ പോഷകാഹാര വിതരണത്തിനായി 48 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കാന്‍ 19 ലക്ഷം രൂപയും നീക്കിവെച്ചു. വയോമിത്രം പരിപാടിക്ക് 5 ലക്ഷവും അംഗണ്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും റിപ്പയറിങ്ങിനുമായി 54 ലക്ഷവും വകയിരുത്തി. കൃഷിമേഖലയിലെ ജലാശയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ, 43 ക്ഷീര കര്‍ഷകര്‍ക്കായി പതിനയ്യായിരം രൂപ സബ്‌സിഡി അനുവദിച്ചുകൊണ്ട് കറവ പശുക്കളെ വിതരണം ചെയ്യാന്‍ 6,45,000 രൂപ, മത്സ്യഭവന്‍ ഓഫീസിന് 7 ലക്ഷം രൂപ, 20 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് 3 ലക്ഷം രൂപ, തൊഴില്‍ പരിശീലന കേന്ദ്രത്തിന് 11,60,000 രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. പൊതുവിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ക്കായി 49.5 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ മരക്കാപ്പ് ജിഎഫ്എച്ച്എസ്എസ് കെട്ടിട പൂര്‍ത്തീകരണത്തിന് 8 ലക്ഷം രൂപ, ബല്ല ഈസ്റ്റ് ലാബ് നിര്‍മ്മാണത്തിന് 6.5 ലക്ഷം രൂപ, വിവിധ വിദ്യാലയങ്ങളുടെ കെട്ടിട നവീകരണത്തിന് 45 ലക്ഷം രൂപ, വാഴുന്നോറൊടി മേനിക്കോട്ട് പുതിയ സാംസ്‌കാരിക നിലയത്തിന് 6.5 ലക്ഷം രൂപയും വകയിരുത്തി. ചെമ്മട്ടംവയലിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ 30 ലക്ഷം രൂപയും ശുചിത്വ മിഷന്റെ സഹായത്തോടുകൂടിയുള്ള പദ്ധതിക്ക് 20 ലക്ഷം രൂപയും ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ പരിസര പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് 17 ലക്ഷം രൂപയും നീക്കിവെച്ചു. ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് 40 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. നഗരപരിധിയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സഹകരണത്തോടെ പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. റെയില്‍വേക്ക് സമാന്തരമായുള്ള ഓട നിര്‍മ്മാണത്തിന്റെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപയും നീക്കിവെച്ചു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കായി പൊതുമൂത്രപ്പുരകള്‍ നിര്‍മ്മിക്കും. നഗരസഭ ഓഫീസിന്റെ പുതിയ കെട്ടിടത്തില്‍ പബ്ലിക് ടോയ്‌ലറ്റും ഓഫീസ് കോമ്പൗണ്ടില്‍ ഇ ടോയ്‌ലറ്റും നിര്‍മ്മിക്കും. വാഴുന്നോറൊടി കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. അലാമിപ്പള്ളിയിലെ പൊതുകുളം റിപ്പയര്‍ ചെയ്ത് ഉപയോഗയോഗ്യമാക്കാന്‍ 9 ലക്ഷം രൂപയും തീരദേശ മേഖലയിലെ കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 21 ലക്ഷം രൂപയും മാറ്റിവെച്ചു. കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യത്തോടെ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അറവുശാലക്ക് 75 ലക്ഷം രൂപയും നീക്കിവെച്ചു. മേലാങ്കോട്ട് കുറുന്തൂര്‍ ശ്മശാന നവീകരണത്തിന് 7 ലക്ഷം രൂപയും നീക്കിവെച്ചു. വിവിധ രോഗങ്ങളാലും മറ്റും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ചെയര്‍മാന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കാനും ഇതിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം കാഞ്ഞങ്ങാട് കാര്‍ണിവെല്‍ സംഘടിപ്പിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ 4.8 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. 53 കോടി 49 ലക്ഷം വരവും 51 കോടി 20 ലക്ഷം ചിലവും പ്രതീക്ഷിക്കുന്ന രണ്ടേകാല്‍ കോടി മിച്ചമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അവതരിപ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment