Latest News

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്: കൃഷി-ഊര്‍ജ മേഖലകള്‍ക്ക് ഊന്നല്‍

കണ്ണൂര്‍: കൃഷി, മണ്ണ്, ജലസംരക്ഷണം, ഊര്‍ജസംരക്ഷണം, വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 2013-14 വര്‍ഷത്തെ പ്രാരംഭ ബാക്കി ഉള്‍പ്പെടെ 85,47,16,728 രൂപ വരവും 69,07,97,516 രൂപ ചെലവും 16,39,19,212 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ടി.കൃഷ്ണനാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ.സരള അധ്യക്ഷത വഹിച്ചു. കൃഷി, മണ്ണ്, ജലസംരക്ഷണ മേഖലയില്‍ 8,63,50,000 രൂപയുടെ പദ്ധതികളാണു വിഭാവനം ചെയ്തിട്ടുളളത്. ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ ബജറ്റിന്റെ ഭാഗമായി ജലസംരക്ഷണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്നു വൈസ് പ്രസിഡന്റ് ടി.കൃഷ്ണന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രത്യേക പരിഗണന നല്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനു 1,93,79,666 രൂപ വകയിരുത്തി. 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെയും ഉള്‍പ്പെടുത്തി മഴവെളള സംഭരണികള്‍, നീര്‍ത്തടങ്ങള്‍, കുളങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാനും നിര്‍മിക്കാനും ഉദ്ദേശിച്ചു മൂന്നു കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കും. സാമൂഹ്യക്ഷേമ മേഖലയില്‍ ഹോം നഴ്‌സിംഗ് യൂണിറ്റ്-30 ലക്ഷം, വിധവ സമഗ്ര പദ്ധതി-30 ലക്ഷം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതി-80 ലക്ഷം എന്നിങ്ങനെ വകയിരുത്തി. പൊതുജനാരോഗ്യത്തിനായി 2.70 കോടി വകയിരുത്തി. സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിയായ-ആശ്വാസ് വ്യാപിപ്പിക്കുന്നതിനായി 50 ലക്ഷവും പകര്‍ച്ചവ്യാധി പ്രതിരോധനത്തിനു അഞ്ചു ലക്ഷവും ജില്ലാ ആശുപത്രയില്‍ മരുന്നുകള്‍ വാങ്ങുന്നതിനു 25 ലക്ഷവും അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റും 52 ലക്ഷവും ഇതില്‍ ഉള്‍പ്പെടും. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയവരുടെ മാനസിക ഉല്ലാസത്തിനായി നടപ്പാക്കുന്ന ആരൂഢം പദ്ധതിയുടെ ആസ്ഥാന മന്ദിരം ചട്ടുകപ്പാറ വ്യവസായശാലയില്‍ നിര്‍മിക്കുന്നതിനു 30 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നിര്‍വഹണ ഓഫീസ് ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപയും ക്ഷീരവികസനത്തിനു 1.89 കോടിയും വകയിരുത്തി. 

സെന്‍ട്രല്‍ ജയിലില്‍ ബ്രഡ് നിര്‍മാണ യൂണിറ്റ്, ധാന്യം പൊടിക്കുന്ന യൂണിറ്റ് എന്നിവ ആരംഭിക്കും. ഇതിന് 20 ലക്ഷം വകയിരുത്തി. സെന്‍ട്രല്‍ ജയിലിലെ പൗള്‍ട്രി ഫാമിനു 34 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തിനു 40 ലക്ഷം രൂപയും കുറുമാത്തൂറിലെ കുടുംബശ്രീ ട്രെയിനിംഗ് സെന്ററിനു 50 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. പട്ടികവര്‍ഗ വികസന മേഖലയില്‍ 2,44,25,000 രൂപ വകയിരുത്തി. വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി നീക്കിവച്ചു. വിധവ സമഗ്ര വികസനം-30 ലക്ഷം, ഹോം നഴ്‌സ് യൂണിറ്റ്-30 ലക്ഷം, ലൈംഗിക തൊഴിലാളികളുടെ പുനരധിവാസം-10 ലക്ഷം എന്നിങ്ങനെയാണു വകയിരുത്തലുകള്‍.

ജില്ലാ പഞ്ചായത്ത് റോഡുകള്‍ക്കും കൈമാറിക്കിട്ടിയ റോഡുകള്‍ക്കുമായി 26,78,96,000 രൂപയും നീക്കിവച്ചിട്ടുണ്ട്. അനര്‍ട്ടിന്റെ സഹായത്തോടെ മോഡല്‍ ഹൈസ്‌കൂളുകളിലും ആശുപത്രികളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനു 53 ലക്ഷം വകയിരുത്തി. പേരാവൂരിലെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് പുനരുജ്ജീവിപ്പിക്കാനുളള നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കു 74 ലക്ഷം രൂപ നേരത്തെ അനെര്‍ട്ടിനു കൈമാറിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുകുളം പദ്ധതി എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടുതലം വരെ എന്ന നിലയിലേക്കു വ്യാപിപ്പിക്കുമെന്നതാണു മറ്റൊരു പ്രധാന പ്രഖ്യാപനം. കൈപുസ്തകവും മറ്റും അച്ചടിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയില്ലെങ്കില്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മുകുളം പദ്ധതി ഫലപ്രദമായി നടപ്പാക്കാനാണു തീരുമാനം. 21 ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോംപ്ലക്‌സുകളുടെ പൂര്‍ത്തീകരണത്തിനും 12 പുതിയ സ്‌കൂള്‍ കോംപ്ലക്‌സുകള്‍ ആരംഭിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ 85.48 കോടിയുടെ നബാര്‍ഡ് സഹായത്തിനു പ്രപ്പോസല്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ 50 ലക്ഷവും വൈദ്യുതി, കുടിവെളളം എന്നിവ ലഭ്യമാക്കാന്‍ 30 ലക്ഷം രൂപയും വകയിരുത്തി. കായികരംഗത്തു നടപ്പാക്കുന്ന സ്റ്റാമിന പദ്ധതി പരിഷ്‌ക്കരിക്കും. ഹയര്‍സെക്കന്‍ഡറി തലത്തിലെ പെണ്‍കുട്ടികള്‍ക്കു സ്വയം പ്രതിരോധത്തിനായി ആയോധന പരിശീലന പദ്ധതി തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയില്‍ ഇ.പി.കരുണാകരന്‍, കെ.ജെ.ജോസഫ്, പി.മാധവന്‍, പി.കെ.ശബരീഷ് കുമാര്‍, ഡോ.കെ.വി. ഫിലോമിന, ഡെയ്‌സി മാണി, സജി കുറ്റിയാനിമറ്റം, പി.പി.ദിവ്യ, കെ.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.