Latest News

രഹസ്യ സന്ദേശം തുണയായി ; കണ്ണൂര്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത് വമ്പന്‍ സ്രാവ്


കണ്ണൂര്‍ : രാജ്യം തിരയുന്ന കുറ്റവാളി അപ്രതീക്ഷിതമായി വലയില്‍ അകപ്പെട്ടപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചയായത് കണ്ണൂര്‍ പോലീസും മാടായി എന്ന പ്രദേശവും. ജര്‍മന്‍ യുവതിയായ 26 കാരിയെ 2006ല്‍ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ ശേഷം കണ്ണൂരില്‍ പിടിയിലായ ബിറ്റി മൊഹന്തി(26)യെന്ന വി ഐ പി കുറ്റവാളിയുടെ അറസ്റ്റാണ് കണ്ണൂര്‍ പോലീസിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. ഒഡിഷ മുന്‍ ഡി ജി പി ബി ബി മൊഹന്തിയുടെ മകനായ ബിറ്റി ഒളിവില്‍ പോയ ശേഷം ആന്ധ്രപ്രദേശില്‍ നിന്നാണ് സ്റ്റേറ്റ് ബാങ്കിലേക്ക് പ്രൊബേഷണറി ഓഫീസറായി റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതിനിടെ ചാല ചിന്‍മയ കോളേജില്‍ നിന്ന് വ്യാജപേരില്‍ എം ബി എയും ബിറ്റി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പുട്ടപര്‍ത്തി സ്വദേശി രാജീവ് രാജിന്റെ മകന്‍ രാഘവ് രാജ് എന്നാണ് കോളേജില്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസം.
മാടായി ബ്രാഞ്ചില്‍ ഇതേ പേരില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ബിറ്റിയുടെ പൂര്‍വകാല ചരിത്രം വിവരിച്ചു കൊണ്ടുള്ള ഒരു അജ്ഞാത കത്ത് കിട്ടിയത്. ഇതിനൊപ്പമുണ്ടായിരുന്ന ബിറ്റിയുടെ ഇന്റര്‍നെറ്റില്‍ വന്ന ഫോട്ടോ കണ്ട ബാങ്ക് അധികൃതര്‍ ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് രാജ്യം തിരയുന്ന കുറ്റവാളിയാണ് തങ്ങള്‍ക്കൊപ്പം ജോലിചെയ്തതെന്ന് വിവരം ബാങ്കിലെ സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒമ്പതു മാസം മുമ്പ് ജോലിക്ക് ചേര്‍ന്ന ബിറ്റി വളരെ കൃത്യനിഷ്ഠയോടും മാന്യമായ രീതിയിലുമാണ് പെരുമാറിയിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. പഴയങ്ങാടിയില്‍ വാടക വീടുണ്ടെങ്കിലും ഇയാള്‍ ഇവിടെ താമസിക്കാറില്ലെന്നാണ് സൂചന. എവിടെയാണ് ബിറ്റി താമസിക്കുന്നതെന്ന കാര്യം സഹപ്രവര്‍ത്തകരില്‍ നിന്ന് ഇയാള്‍ മറച്ചു വെച്ചതായും സൂചനയുണ്ട്. ഇയാള്‍ രണ്ടാഴ്ചയായി താമസിച്ചു വരികയായിരുന്ന കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ ലോഡ്ജില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
ആള്‍മാറാട്ടം, വിശ്വാസവഞ്ചന, കൃത്രിമ രേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പഴയങ്ങാട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പയ്യന്നൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ഏറ്റുവാങ്ങാന്‍ രാജസ്ഥാന്‍ പോലീസ് കണ്ണൂരിലെത്തും.
അതിനിടെ ഇയാളുടെ അക്കൗണ്ടില്‍ വന്‍ തുകകള്‍ നിക്ഷേപിക്കപ്പെടുന്നതായും ഇയാള്‍ ഒന്നിലേറെ സിംകാര്‍ഡികള്‍ ഉപയോഗിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ ഫോണിലേക്ക് നിരവധി പെണ്‍കുട്ടികള്‍ വിളിച്ചതായും ഇവര്‍ കാമുകിമാരാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
(sudinam)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.