Latest News

കോട്ടിക്കുളം-കാണിയൂര്‍ പാതയെന്നതു ദുരൂഹം: എം.സി. ജോസ്

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂര്‍ റെയില്‍പാതയുടെ നിര്‍മാണം പുരോഗമിക്കേണ്ട ഘട്ടത്തില്‍ പുതുതായി കോട്ടിക്കുളം-കാണിയൂര്‍ പാതയെന്ന തരത്തില്‍ സര്‍വേയ്ക്കു റെയില്‍ ബജറ്റില്‍ അനുമതി നല്‍കിയ നടപടി ദുരൂഹമാണെന്നു കെപിസിസി നിര്‍വാഹകസമിതിയംഗം അഡ്വ. എം.സി.ജോസ്.
ഇതു സംബന്ധിച്ചു അദ്ദേഹം റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനു കത്തയച്ചു. കാഞ്ഞങ്ങാട്-പാണത്തൂര്‍ റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയാക്കുകയും പദ്ധതി ലാഭകരമാണെന്നു കണെ്ടത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ചു കഴിഞ്ഞ റെയില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ താത്വികാനുമതിക്കു പദ്ധതി സമര്‍പ്പിക്കുകയും ചെയ്തിരുന്നതാണ്.
ഇതു സംബന്ധിച്ചു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയും കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ എംപിയും മുഖേന മലയോര റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കൊച്ചിക്കുന്നേലും താനും ചേര്‍ന്നു റെയില്‍വേ മന്ത്രിക്കു നല്‍കിയ നിവേദനത്തിനു പാതയുടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി അനുമതിക്കു പ്ലാനിംഗ് കമ്മീഷനു സമര്‍പ്പിച്ചിരിക്കുകയാണെന്ന അറിയിപ്പും ലഭിച്ചിരുന്നു. മാത്രവുമല്ല അവശേഷിക്കുന്ന പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വേ നടപടികള്‍ ആരംഭിച്ചതായും വ്യക്തമാക്കിയിരുന്നു.
സര്‍വേ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനിരിക്കേ വീണ്ടും മറ്റൊരു സ്ഥലം കൂടി ഉള്‍പ്പെടുത്തി സര്‍വേ നടത്താനുള്ള നീക്കം വടക്കേ മലബാറിലെ ജനങ്ങളുടെ സ്വപ്നപദ്ധതി വൈകിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്നും എം.സി.ജോസ് ചൂണ്ടിക്കാട്ടി. കോട്ടിക്കുളത്തേക്കു പാത നീട്ടുന്ന നടപടി അപ്രായോഗികമാണെന്നും ഇതു ഫലത്തില്‍ നിലവിലുള്ള പാതയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ആദ്യകാലം മുതല്‍ പാതയ്ക്കു വേണ്ടി പ്രയത്‌നിച്ച ജോസ് കൊച്ചിക്കുന്നേല്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.