ബജറ്റിന് മുന്നോടിയായി യു.ഡി.എഫില്‍ നടന്ന ചര്‍ച്ചയില്‍ ഹൈദറിന്‍െറ സ്മാരകം പണിയാന്‍ പണം നല്‍കാന്‍ നീക്കംനടക്കുന്നുണ്ടെന്നും ഇതനുവദിക്കരുതെന്നും ആര്യാടന്‍ ആവശ്യപ്പെട്ടിരുന്നു. എതിര്‍പ്പറിയിച്ചിട്ടും ലീഗിന്‍െറ ആവശ്യത്തെ തുടര്‍ന്ന് ബജറ്റില്‍ സ്മാരകത്തിന് പണം വകയിരുത്തിയത് ആര്യാടനെ പ്രകോപിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെകട്ടറി കെ.പി.എ മജീദാണ് പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കമ്മിറ്റി ചെയര്‍മാന്‍. ബജറ്റിനെതിരായ ആര്യാടന്‍െറ വിമര്‍ശത്തിനെതിരെ മജീദ് രൂക്ഷമായി പ്രതികരിച്ചതിനുള്ള കാരണവും ഇതാണ്.
ഗാന്ധിജിയെ വിമര്‍ശിച്ച് കവിതയെഴുതിയ ആളാണ് പുലിക്കോട്ടിലെന്ന വാദമുയര്‍ത്തിയാണ് സ്മാരകത്തിന് പണം നല്‍കുന്നതിനെതിരെ ആര്യാടന്‍ രംഗത്തുവന്നത്. ബജറ്റ് അവതരണത്തിന് ശേഷം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും ആര്യാടന്‍ ഇതുന്നയിച്ചു. ആര്യാടന്‍െറ തൊട്ടടുത്ത പ്രദേശമായ വണ്ടൂരിലാണ് പുലിക്കോട്ടില്‍ ഹൈദറിന്‍െറ ജന്മനാട്. സ്മാരകം പണിയാന്‍ കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥലംവാങ്ങിയിട്ടുണ്ട്. സ്മാരകത്തിന് 1979 ഏപ്രിലില്‍ സി.എച്ച്. മുഹമ്മദ്കോയ തറക്കല്ലിട്ടിരുന്നെങ്കിലും പണി തുടങ്ങിയിരുന്നില്ല. കെ.പി.എ മജീദ് ചെയര്‍മാനായതോടെയാണ് സ്മാരകം പണിയാന്‍ വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയത്. സര്‍ക്കാര്‍ സഹായത്തിനൊപ്പം പൊതുജനങ്ങളില്‍നിന്ന് പിരിവെടുത്തും മറ്റും സ്മാരകം പൂര്‍ത്തിയാക്കാനാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനിടെയാണ് സ്മാരകത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആര്യാടന്‍ വിവാദമുയര്‍ത്തിയത്. മലബാര്‍ കലാപകാലത്ത് യുവാവായിരുന്ന കവി, കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് എഴുതിയ കവിതയിലെ ഭാഗങ്ങള്‍ ഉയര്‍ത്തിയാണ് പുലിക്കോട്ടില്‍ ഹൈദറിനെ ഗാന്ധി വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കലാപകാലത്ത് മുസ്ലിം കുടുംബങ്ങളിലെ പുരുഷന്മാര്‍ മിക്കവരും ജയിലിലടക്കപ്പെടുകയും കോണ്‍ഗ്രസ് നേതൃതം കൈവിടുകയും ചെയ്തപ്പോഴായിരുന്നു പുലിക്കോട്ടില്‍ ഇതുസംബന്ധിച്ച് കവിതയെഴുതിയതെന്നാണ് മാപ്പിളപ്പാട്ട് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ‘തൊന്തരവാണത് ഗാന്ധി പറഞ്ഞുള്ള മന്തിരം (മന്ത്രം) കേട്ട് നടക്കണ്ട...’ എന്ന കവിതയിലെ വരിയാണ് വിവാദത്തിനായി ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാലത്ത് ജയിലിലായതോടെയാണ് ബാക്കിയുള്ള കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ കൈവിട്ടെന്ന തോന്നല്‍ മലബാറിലെ മുസ്ലിംകളില്‍ ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് കവിത രചിക്കപ്പെടുന്നതെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പുലിക്കോട്ടില്‍ ഹൈദര്‍ തന്നെ പിന്നീട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനങ്ങളും മരിച്ചപ്പോള്‍ വിലാപകാവ്യവും രചിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദറിന്‍െറ കൃതികള്‍ 2012 ഫെബ്രുവരി 18ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വൈദ്യര്‍ മഹോത്സവത്തില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തപ്പോള്‍ ചടങ്ങിന്‍െറ ഉദ്ഘാടകന്‍ മന്ത്രി ആര്യാടനായിരുന്നു.
(കടപ്പാട്: മാധ്യമം)
No comments:
Post a Comment