Latest News

സ്ത്രീധനവിരുദ്ധ പോരാട്ടം നയിച്ച ലത്തീഫിന് ഖദീജ ബാനു ഇണയായി

ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട പെണ്‍കുട്ടിയെ ജീവിത സഖിയാക്കി.
ബേക്കല്‍ ഹദ്ദാദ് ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും ചേര്‍ന്നൊരുക്കിയ ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന്റെ ഭാഗമായുള്ള സമൂഹവിവാഹത്തിലാണ് ലത്തീഫ് തന്റെ ആഗ്രഹം സഫലമാക്കിയത്. ഞായറാഴ്ച ബേക്കല്‍ ഹദ്ദാദ് നഗറില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ബെണ്ടിച്ചാലിലെ മുഹമ്മദിന്റെ മകള്‍ ഖദീജത്ത് ബാനുവിനെ നിക്കാഹ് ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ തീരാദാരിദ്ര്യത്തിലേക്ക് വലിച്ചിടുന്ന സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെയുളള പോരാട്ടത്തില്‍ ഉറച്ച് നിന്ന ലത്തീഫ് മഹ്ര്‍ 2013 ലൂടെ തന്റെ ജീവിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.
ഒമ്പത് വര്‍ഷം മുമ്പാണ് അബ്ദുല്‍ ലത്തീഫ് സ്ത്രീധനത്തിനെതിരെ ഒററയാന്‍ പോരാട്ടം ആരംഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സ്ത്രീധനത്തിനെതിരെ നടത്തിയ ഏകദിന സത്യാഗ്രഹം ഏറേ ശ്രദ്ധപിടിച്ചു പററിയിരുന്നു.
ഇന്ത്യയെ സ്ത്രീധന വിമുക്ത രാജ്യമാക്കുക എന്ന ബാനറില്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ നാട്ടിലൂടനീളം നടന്ന ദുരന്തങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ കൂററന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ പ്രദര്‍ശിച്ചായിരുന്നു സത്യാഗ്രഹം.
സീതാംഗോളി മുതല്‍ കാസര്‍കോട് വരെ സ്ത്രീധന വിരുദ്ധ സൈക്കിള്‍ യാത്രയും പ്രണയദിനത്തില്‍ ബോധവല്‍ക്കരണ യാത്രയും ലത്തീഫ് നടത്തിയിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീധനത്തിനെതിരെ നിരവധി ലേഖനങ്ങള്‍ ലത്തീഫിന്റെതായി പ്രസീദ്ധീകരിച്ചിട്ടുണ്ട്.
സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട പെണ്‍കുട്ടിയെ നിക്കാഹ് കഴിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ച് നടക്കുന്നതിനിടയിലാണ് ഗോള്‍ഡ് ഹില്‍ മഹര്‍ വഴി ഖദീജ ബാനുമായുളള കല്ല്യാണ ആലോചന വന്നത്. ഒട്ടും ആലോചിക്കാതെ ഈ ബന്ധത്തിന് ലത്തീഫ് സമ്മതിക്കുകയായിരുന്നു. സാമൂഹത്തിന്റെ നാനാ തുറകളിലെ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ വെച്ച് നിര്‍ധനയായ ഖദീജ ബാനുവിലെ നിക്കാഹ് ചെയ്യാന്‍ അനുഗ്രഹം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലത്തീഫ് പറഞ്ഞു.
സീതാംഗോളിയിലെ ഇബ്രാഹിമിന്റെയും ബീഫാത്തിമ്മയുടെയും മകനായ അബ്ദുല്‍ലത്തീഫ് ചെര്‍ക്കളയിലെ വോള്‍ഗാ ഹോട്ടലില്‍ ജീവനക്കാരനാണ്.

അബ്ദുല്ലകുഞ്ഞി ഉദുമ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.