Latest News

ചെന്നിത്തലയെ കാസര്‍കോട് മത്സരിപ്പിക്കാന്‍ സോണിയാഗാന്ധിക്ക് നിവേദനം

കാഞ്ഞങ്ങാട്: സാമുദായിക സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വീണ്ടെടുപ്പിന് അഞ്ച് ദിവസം പ്രഭാതം മുതല്‍ പ്രദോഷം വരെ നടന്ന് തീര്‍ക്കുകയും, ജില്ലയുടെ വികസന കുതിപ്പിന് 11000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ അടുത്ത വര്‍ഷം നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലിമെന്റ് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് എ ഐ സി സി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കഴിഞ്ഞദിവസം നൂറുകണക്കിന് ഫാക്‌സ് സന്ദേശങ്ങള്‍ ലഭിച്ചു. കാസര്‍കോട്ടെ പൊതുമേഖലാ സ്ഥാപനമായ കെല്‍ മറ്റൊരു പ്രമുഖ സ്ഥാപനമായ ബെല്ലില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ക്കായി കാസര്‍കോട്ടെ യു ഡി എഫ് നേതാക്കളോടൊപ്പം രമേശ് ഡല്‍ഹിയില്‍ എത്തിയ ദിവസം തന്നെയാണ് അദ്ദേഹത്തെ കാസര്‍കോട് സീറ്റില്‍ മത്സരിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി സോണിയയ്ക്ക് നിവേദനങ്ങള്‍ എത്തിയത്. കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ കുലുങ്ങാതെ ഇടത് മുന്നണിക്കൊപ്പം ഉറച്ചുനിന്ന കാസര്‍കോട്ടെ ചുകപ്പന്‍കോട്ട തകര്‍ക്കാന്‍ രമേശ് ചെന്നിത്തലക്ക് നിഷ്പ്രയാസം കഴിയുമെന്ന് നിവേദനത്തില്‍ പറയുന്നു. ഇന്ത്യയുടെ പ്രതിപക്ഷ നേതൃപദവിയിലേക്ക് വരെ ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ജി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മത്സരിക്കാന്‍ വെല്ലുവിളിച്ച കാസര്‍കോട്ട് പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ അടിയറവ് പറയിച്ച് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്ത ചരിത്രവും സോണിയക്കുള്ള നിവേദനത്തില്‍ ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വിവരിക്കുന്നുണ്ട്. കേവലം 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി നായനാരെ മുട്ടുകുത്തിച്ച് ഇടത് കോട്ട തകര്‍ക്കുകയും പിന്നീട് ഐ രാമറായിലൂടെ കോണ്‍ഗ്രസ് ഈ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തുവെന്നും നിവേദനം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അടിക്കടി ഉണ്ടാവുന്ന സാമുദായിക കലാപത്തെ തുടര്‍ന്ന് വികസനം മുരടിച്ച കാസര്‍കോട്ട് ശാശ്വതമായ സമാധാനവും പുരോഗതിയും ലക്ഷ്യം വെച്ച് രമേശ് ചെന്നിത്തല നടത്തിയ സന്ദേശയാത്ര കേരളത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ ദൗത്യമായിരുന്നു. കര്‍ണാടക അതിര്‍ത്തിയായ ഹൊസങ്കടി മുതല്‍ ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂര്‍ വരെ അഞ്ച് പകലുകള്‍ നീണ്ടുനിന്ന പദയാത്ര കക്ഷിരാഷ്ട്രീയ ഭേദമന്യേ സമാധാനം ആഗ്രഹിക്കുന്ന മുഴുവ ന്‍ ജനങ്ങളും ഏറ്റെടുത്ത് വിജയിപ്പിച്ച അത്യപൂര്‍വ്വ പരിപാടികളാല്‍ ഒന്നായി മാറുകയും ചെയ്തു. ഈ യാത്രക്കിടെ ലഭിച്ച നിവേദനങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും, മന്ത്രിസഭ യോഗം നിവേദനങ്ങള്‍ പഠിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരനെ കമ്മീഷനായി നിയോഗിക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ജില്ലയുടെ പ്രഥമ കലക്ടര്‍ കൂടിയായിരു ന്ന പി പ്രഭാകരന്‍ നിര്‍ദ്ദേശിച്ച 11000 കോടി യുടെ വികസ ന പദ്ധതികള്‍ക്ക് ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ രമേശ് ചെന്നിത്തല നടത്തിയ സ്വപ്നയാത്ര അക്ഷരാര്‍ത്ഥത്തില്‍ ഒരു നാട്ടിന്റെ തന്നെ വികസന കുതിപ്പിന് നാഴികക്കല്ലായി മാറുകയും ചെയ്തു. കെ പി സി സി പ്രസിഡണ്ട് എന്ന നിയില്‍ കാസര്‍കോട് ജില്ലയോട് അതിരറ്റ വാല്‍സല്യവും സ്‌നേഹവും പ്രകടിപ്പിച്ച ചെന്നിത്തല, കാസര്‍കോട് ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ വികസനത്തിന് വേണ്ടി യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ എന്നിവരോടൊപ്പം വെളളിയാഴ്ച ഡല്‍ഹിയില്‍ എത്തി. കാസര്‍കോട് ജില്ല നേരിടുന്ന ഗുരുതരമായ പിന്നോക്കാവസ്ഥ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. കെ പി സി സി പ്രസിഡണ്ട് പദവിയില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധപതിപ്പിക്കുമെന്ന സൂചന പ്രബലമായതിനിടെയാണ് കാസര്‍കോട് പാര്‍ലിമെന്റ് സീറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. നിലവില്‍ ആലപ്പുഴയിലെ ഹരിപ്പാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചെന്നിത്തലക്ക് കേരളത്തിലെ നിലവിലുള്ള മുന്നണി സാഹചര്യത്തില്‍ നിയമസഭാ അംഗത്വം ഒഴിയാന്‍ കടമ്പകള്‍ ഏറെയുണ്ട്. ഹരിപ്പാട് സിറ്റിംഗ് എം എല്‍ എ യായിരുന്ന കൃഷ്ണപ്രസാദ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിന്നാണ് ചെന്നിത്തലയെ മത്സരിപ്പിച്ചത്. ചെന്നിത്തല എം എല്‍ എ സ്ഥാനം ഒഴിയുകയാണെങ്കില്‍ കൃഷ്ണപ്രസാദ് വീണ്ടും ഹരിപ്പാട് മത്സരിക്കും. കാസര്‍കോട് പി കരുണാകരന്‍ രണ്ട് ടേം കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ ഇടതുമുന്നണി പുതുമുഖ സ്ഥാനാര്‍ത്ഥിയെയാവും ഇത്തവണ രംഗത്തിറക്കുക. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് രമേശ് ചെന്നിത്തല കാസര്‍കോട്ട് മത്സരത്തിനിറങ്ങിയാല്‍ ഇന്ത്യ തന്നെ ശ്രദ്ധിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് യുദ്ധമായി കാസര്‍കോട് ഇത്തവണ മാറുമെന്നുറപ്പ്
(മലബാര്‍വാര്‍ത്ത).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.